നിലയ്ക്കൽ: ശബരിമല വനത്തിലെ അട്ടത്തോട് ട്രൈബൽ സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി ഇനി സ്കൂളിലെ മട്ടുപ്പാവിൽ ഒരുങ്ങും. നിലയ്ക്കലിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ 300 പോട്ടുകളിലാണ് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കൃഷി. 98,000 രൂപയുടെ പദ്ധതിയാണിത്. ആദിവാസി മേഖലയിലെ സ്കൂളിൽ ആദ്യമായാണ് മട്ടുപ്പാവ് കൃഷി ആരംഭിക്കുന്നത്.

വഴുതന,തക്കാളി,പയർ,പാവൽ,വെണ്ട,മുളക് തുടങ്ങിയവയാണ് പ്രധാനമായവ. നിലവിൽ പോട്ടുകളിൽ മണ്ണ്,എല്ലുപൊടി,വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതത്തിൽ തൈകൾ നട്ടു. കീടങ്ങളെ അകറ്റാൻ സൂഡോമോണസ് ലായനി ചേർക്കും. ഡ്രിപ് ഇറിഗേഷനിലൂടെ വിത്തും തൈകളും നനയ്ക്കുന്നത്.
സ്കൂളിന്റെ വിശാലമായ മട്ടുപ്പാവ് ഉപയോഗശൂന്യമാകുന്നത് കണ്ട ഹെഡ്മാസ്റ്റർ ബിജു തോമസാണ് പച്ചക്കറി കൃഷി എന്ന ആശയം മുന്നോട്ടുവച്ചത്. അദ്ധ്യാപകരായ ബി. അഭിലാഷ്,കെ.എം സുബീഷ്, ആശാനന്ദൻ,അമിത എന്നിവർ ഒപ്പംകൂടി. ഒഴിവുവേളകളിലും വൈകുന്നേരങ്ങളിലും അദ്ധ്യാപകർ കൃഷിയിൽ വ്യാപൃതരാകും. കൃഷി വകുപ്പ്,പെരുനാട് കൃഷിഭവൻ,പഞ്ചായത്ത് എന്നിവയുടെ സഹകരണവുമുണ്ട്. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ് വരെ 55 കുട്ടികളാണ് സ്കൂളിലുള്ളത്.