വിഴിഞ്ഞത്തിന്റെ പിതാവ് ഉമ്മന്‍ ചാണ്ടി; പിണറായി സര്‍ക്കാര്‍ റോഡ്, റെയില്‍ സൗകര്യങ്ങള്‍ ഒരുക്കിയില്ല’: പുതുപ്പള്ളിയിലെത്തി എം വിന്‍സെന്‍റ്


കോട്ടയം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് കോവളം എംഎല്‍എ എം വിന്‍സെന്റ്. കേരളത്തെ സംബന്ധിച്ച് ഇന്ന് നിര്‍ണായകമായ ചരിത്ര മുഹൂര്‍ത്തമാണെന്ന് എം വിന്‍സെന്റ് മാധ്യമങ്ങളോട് പറഞ്ഞു.

‘കേരളത്തിന്റെ തന്നെ വികസന കവാടം എന്ന് വിശേഷിപ്പിക്കുന്ന വിഴിഞ്ഞം തുറമുഖം ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. ഈ തുറമുഖം ഉദ്ഘാടനം ചെയ്യുന്ന ദിവസം തന്നെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ വന്ന് പ്രാര്‍ഥിച്ചിട്ട് വേണം വിഴിഞ്ഞത്തേയ്ക്ക് പോകാന്‍ എന്ന് എന്റെ മനസ് പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവാണ് ഉമ്മന്‍ ചാണ്ടി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഏത് അഴിമതി ആരോപണവും കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഇറങ്ങിതിരിച്ചത് കൊണ്ടാണ് ഈ തുറമുഖം ഇന്ന് യാഥാര്‍ഥ്യമായത്.

തുറമുഖം യാഥാര്‍ഥ്യമാകുമ്പോള്‍ അതിന്റെ എല്ലാ അവകാശങ്ങളും എടുക്കാന്‍ മുഖ്യമന്ത്രിയും പ്രധാനമ ന്ത്രിയും പരസ്യങ്ങളിലൂടെ മത്സരിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്ന്. ഒരു കല്ലിട്ടാല്‍ തുറമുഖമാകുമോ എന്നാണ് പിണറായി വിജയന്‍ ചോദിച്ചത്.കല്ലിട്ടാല്‍ അല്ല, കരാര്‍ ഒപ്പിട്ടാല്‍ തുറമുഖമാകും. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയ ത്താണ് കരാര്‍ ഒപ്പിട്ടത്. വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കേണ്ടത് അദാനി. അത് പൂര്‍ത്തീകരിച്ചു. എന്നാല്‍ പശ്ചാത്തല സൗകര്യം ഒരുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ അത് ചെയ്തില്ല. ഇവിടെ എന്താണ് പശ്ചാത്തല സൗകര്യം? റെയില്‍ കണക്ടിവിറ്റിയും റോഡ് കണക്ടിവിറ്റിയും പൂര്‍ത്തിയായിട്ടില്ല.’- എം വിന്‍സെന്റ് പറഞ്ഞു.

‘ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ പ്രകാരം ആറുവര്‍ഷത്തിനുള്ളില്‍ റെയില്‍ കണക്ടിവിറ്റി പൂര്‍ത്തിയാക്കണം. 2021ല്‍ റെയില്‍ കണക്ടിവിറ്റി പൂര്‍ത്തിയാക്കേണ്ടതാണ്.2025 ആയിട്ടും റെയില്‍ പദ്ധതി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ച് ദേശീയപാതയുമായി ബന്ധപ്പി ക്കണമെന്നും കരാറില്‍ പറഞ്ഞിട്ടുണ്ട്. രണ്ടു കൊല്ലം കൊണ്ട് റോഡ് കണക്ടിവിറ്റി പൂര്‍ത്തിയാക്കേണ്ട താണ്. അങ്ങനെ നോക്കിയാല്‍ 2017ല്‍ റോഡ് കണക്ടിവിററി പൂര്‍ത്തിയാവേണ്ടതുണ്ട്. ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഫിഷിങ് ഹാര്‍ബര്‍ നിര്‍മ്മാണവും എവിടെ എത്തിയിട്ടില്ല. പ്രദേശത്തുള്ളവര്‍ക്ക് ജോലി നല്‍കാന്‍ ലക്ഷ്യമിട്ട് സീഫുഡ് പാര്‍ക്ക് തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇതുവരെ തുടങ്ങിയിട്ടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉണ്ടായിരുന്നുവെങ്കില്‍ 2019ല്‍ തന്നെ എല്ലാം പൂര്‍ത്തിയാവുമായിരുന്നു’- എം വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു. ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തിയ ശേഷമാണ് വിന്‍സെന്റ് വിഴിഞ്ഞത്തേയ്ക്ക് തിരിച്ചത്.

ഉമ്മന്‍ ചാണ്ടി ഒരു കല്ല് മാത്രം ഇട്ടെന്ന സിപിഎം പ്രചാരണം പച്ചക്കള്ളമെന്ന് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. ഇന്ന് ചരിത്ര ദിവസമാണ്. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പോലും സിപിഎം ഭയപ്പെടുന്നു. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.


Read Previous

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നു’; സിപിഎമ്മിന് മറുപടിയായി മുന്‍മുഖ്യമന്ത്രിയുടെ വിഴിഞ്ഞം പ്രസംഗം പങ്കുവെച്ച് പ്രതിപക്ഷ നേതാവ്

Read Next

അലയൻസ് എയർലൈൻസ് ആയി: പരിഭാഷ പാളി, കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ടാവുമെന്ന് മോദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »