മെക് 7 വ്യായാമ കൂട്ടായ്‌മയെ പിന്തുണച്ച് വികെ ശ്രീകണ്‌ഠൻ എംപി; പട്ടാമ്പിയിൽ ഉദ്‌ഘാടനം, പിന്തുണ വിവാദം തുടരുന്നതിനിടെ


പാലക്കാട്: വിവാദങ്ങള്‍ സജീവമായിരിക്കെ മെക് 7 വ്യായാമ കൂട്ടായ്‌മയുടെ പട്ടാമ്പി മേഖലാതല ഉദ്ഘാടനം നിര്‍വഹിച്ച് പാലക്കാട് എംപി വികെ ശ്രീകണ്‌ഠന്‍. മെക് 7 രാജ്യ വ്യാപകമായി നടപ്പാക്കേണ്ട പദ്ധതിയാണെന്ന് വികെ ശ്രീകണ്‌ഠന്‍ പറഞ്ഞു. കുറച്ചു സമയം മാത്രം ആവശ്യമുള്ള നല്ല ഒരു വ്യായാമ പദ്ധതിയാണിതെന്നും ജാതി മത രാഷ്‌ട്രീയ ഭേദങ്ങള്‍ തനിക്കിതില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും വികെ ശ്രീകണ്‌ഠന്‍ പറഞ്ഞു.

നിരോധിത ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും മെക് 7ന് ബന്ധമുണ്ട് എന്നും മെക് 7ല്‍ തീവ്രവാദ ശക്തികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ കഴിഞ്ഞ ദിവസം പ്രസ്‌താവിച്ചിരുന്നു. ഇത് പിന്നീട് വിവാദമായി.

വിവാദം ചൂട് പിടിച്ചതിന് പിന്നാലെ സിപിഎം നിലപാടിലും അയവ് വരുത്തിയിരുന്നു. മെക് 7ന് എതിരെ അല്ല ആരോപണം ഉന്നയിച്ചതെന്ന് പി മോഹനന്‍ പിന്നീട് വിശദീകരിച്ചു. വ്യായാമ മുറ ശീലിക്കുന്നത് രോഗ മുക്തിക്ക് നല്ലതാണെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

പൊതു വേദികളില്‍ ജമാഅത്തെ ഇസ്ലാമി, സംഘപരിവാര്‍, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ വര്‍ഗീയ ശക്തികള്‍ നുഴഞ്ഞു കയറുന്നതിനെയാണ് വിമര്‍ശിച്ചതെന്നും പി മോഹനന്‍ പറഞ്ഞിരുന്നു.

മതത്തിന്‍റെയും ജാതിയുടെയും രാഷ്‌ട്രീയ ബന്ധത്തിന്‍റെയും അതിർ വരമ്പുകൾക്കപ്പുറം ആളുകളെ ഉൾക്കൊള്ളുന്ന ഒരു പൊതു ഇടത്തിലാണ് മെക് 7 പ്രവർത്തിക്കുന്നത്. മത രാഷ്‌ട്രത്തിനും വർഗീയതയ്ക്കും വേണ്ടി വാദിക്കുന്ന ശക്തികളുടെ നുഴഞ്ഞു കയറ്റത്തിന് ഇത് ഇരയാകുന്നുണ്ട് എന്നും മോഹനന്‍ പറഞ്ഞു. മെക് 7നുമായി തങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്നും പി മോഹനൻ വിശദീകരിച്ചു.

‘ഈ ശക്തികൾ അവരുടെ വർഗീയ അജണ്ട പ്രചരിപ്പിക്കുന്നതിനായി അത്തരം കൂട്ടായ്‌മകളിലേക്ക് നുഴഞ്ഞുകയറുകയും ഹൈജാക്ക് ചെയ്യുകയും ചെയ്യാം. അവരുടെ അത്തരം ശ്രമങ്ങൾ നമ്മുടെ സമൂഹത്തിന്‍റെ മതേതരത്വത്തെ ദുർബലപ്പെടുത്തും എന്നതാണ് ഞങ്ങളുടെ ആശങ്ക.’- പി മോഹനന്‍ പറഞ്ഞു. അതിനാൽ ഇത്തരം ശ്രമങ്ങൾ തടയാൻ സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് വര്‍ഗീയ ശക്തികളെപ്പോലെ ആർഎസ്എസും പ്രശ്‌നത്തിന്‍റെ ഭാഗമാണ് എന്നും മോഹനൻ കൂട്ടിച്ചേര്‍ത്തു. ഇരു കൂട്ടരും ഒരു നാണയത്തിന്‍റെ ഇരു വശങ്ങളാണ് എന്നും അദ്ദേഹം വിശദീകരിച്ചു. ജീവിതശൈലീ രോഗങ്ങൾക്ക് എതിരെയുള്ള പ്രതിരോധ നടപടിയായി ആവിഷ്‌കരിച്ച മെക് 7 പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മെക് 7 നെ ഒരു വിവാദ വിഷയമാക്കി മാറ്റേണ്ട ആവശ്യമില്ല എന്നാണ് ഇടത് സഖ്യക ക്ഷിയായ ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ) നേതാവും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചത്. മുസ്ലിം ലീഗും വിഷയത്തില്‍ സമാന നിലപാടാണ് എടുത്തത്.

21 മിനിറ്റ് നീളുന്ന വ്യായാമ മുറകള്‍ ശീലിക്കുന്ന കൂട്ടായ്‌മയാണ് മെക് 7. മലപ്പുറം സ്വദേശിയും വിരമിച്ച സൈനിക ഉദ്യോഗസ്ഥനുമായ ക്യാപ്റ്റന്‍ സലാഹുദ്ദീനാണ് ഈ വ്യായാമ രീതി അവതരിപ്പിച്ചത്. 2022 ല്‍ ആണ് കൂട്ടായ്‌മ ആരംഭിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ വടക്കന്‍ കേരളത്തില്‍ മെക് 7ന്‍റെ ആയിര ത്തോളം യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്.


Read Previous

വയനാട് പുനരധിവാസം: കെപിസിസി നിർമ്മിച്ച് നൽകുന്ന വീടുകളുടെ സഹായത്തിലേക്ക് റിയാദ് ഒഐസിസി ധനസമാഹരണം കൈമാറി

Read Next

പ്രവാസികളെ മാടിവിളിച്ച് നോർക്ക; അന്താരാഷ്ട്ര പ്രവാസി ദിനാചരണം കോഴിക്കോട് നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »