കണ്ണൂരിലെ വഖഫ് വിവാദം: മുസ്ലിംലീഗ് വെട്ടിൽ, സർ സയ്യിദ് കോളജ് ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഇല്ലം കോടതിയിലേക്ക്


കോഴിക്കോട് : മുസ്ലിം ലീഗ് ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സര്‍ സയ്യിദ് കോളജ് മാനേജ്മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ആയുധമാക്കി തളിപ്പറമ്പ് ജമാ അത്ത് പള്ളി വഖഫ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഇല്ലം. ഇക്കാര്യം ചൂണ്ടിക്കാട്ടി നരിക്കോട്ട് ഏറ്റിശ്ശേരി ഇല്ലം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

തളിപ്പറമ്പില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച, സര്‍ സയ്യിദ് കോളജ് നിലനില്‍ക്കുന്നതുള്‍പ്പെടെ യുള്ള 600 ഏക്കറോളം ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതാണെന്നാണ് അവകാശികള്‍ പറയുന്നത്. പൂര്‍വി കര്‍ വാക്കാല്‍ ലീസിന് നല്‍കിയതാണ് വഖഫ് ബോര്‍ഡ് ഇപ്പോള്‍ അവകാശമുന്നയിക്കുന്ന ഭൂമിയെന്നാണ് നരിക്കോട്ട് ഇല്ലത്തിന്റെ വാദം. സര്‍ സയ്യിദ് കോളജ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

തളിപ്പറമ്പ് നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും ഒരുകാലത്ത് നരിക്കോട്ട് ഇല്ലത്തിന്റേതായിരുന്നു. നഗരത്തിലെ പലരുടെയും ആധാരങ്ങളില്‍ ഉള്‍പ്പെടെ നരിക്കോട്ട് ഇല്ലത്തിന്റെ പേരു പരാമര്‍ശിച്ചി ട്ടുമുണ്ട്. തങ്ങള്‍ക്ക് ഭൂമി സംഭാവന നല്‍കുന്നതോ, വില്‍പ്പന നടത്തുന്നതോ ആയ പാരമ്പര്യമില്ല. പിന്നീട് പല കാലത്തായി നിരവധി പേര്‍ ഞങ്ങളുടെ ഭൂമി കയ്യേറിയിട്ടുണ്ട്. തങ്ങള്‍ ജമാ അത്ത് പള്ളിക്കോ വഖഫ് ബോര്‍ഡിനോ ഭൂമി വിറ്റിട്ടില്ലെന്ന് നരിക്കോട്ട് ഇല്ലത്തെ അംഗമായ പി ഇ എന്‍ നമ്പൂതിരി പറഞ്ഞു.

‘ഭൂമി ഞങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് സര്‍ സയ്യിദ് കോളജ് മാനേജ്‌മെന്റ് തന്നെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. അതാണ് സത്യം. ഞങ്ങളുടെ യഥാര്‍ത്ഥ സ്വത്ത് തിരിച്ചുപിടിക്കാന്‍ നിയമനടപടികള്‍ ആരംഭിക്കാന്‍ പോകുകയാണ്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും.’ പി ഇ എന്‍ നമ്പൂതിരി കൂട്ടിച്ചേര്‍ത്തു. വഖഫ് ബോര്‍ഡിനു ഭൂമി നല്‍കിയെന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്നും നരിക്കോട്ട് ഇല്ലത്തെ മുതിര്‍ന്ന കാരണവര്‍ ചന്ദ്രശേഖരന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.

കഴിഞ്ഞ മാസം 20ന് കോളജ് മാനേജ്മെന്റായ കണ്ണൂര്‍ ജില്ലാ മുസ്ലിം മാനേജ്മെന്റ് അസ്സോസിയേഷന്‍ (സി ഡി എം ഇ എ) പ്രസിഡന്റ് അഡ്വ. മഹ്മൂദാണ് തളിപ്പറമ്പ് ജമാഅത്ത് പള്ളിയില്‍ നിന്ന് 1967ല്‍ പാട്ടത്തിനു വാങ്ങിയ ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതാണെന്ന് അവകാശപ്പെട്ട് സത്യവാങ്മൂലം നല്‍കിയത്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വിവാദമായതിനു പിന്നാലെ കോളജ് മാനേജ്മെന്റ് മലക്കം മറിഞ്ഞെങ്കിലും പ്രശ്‌നം കെട്ടടങ്ങിയിട്ടില്ല. സത്യവാങ്മൂലത്തില്‍ സംഭവിച്ചത് മാനേജ്മെന്റ് അഭിഭാഷകരുടെ ”ക്ലറിക്കല്‍ മിസ്റ്റേക്കാ’ണെന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി അഭിപ്രായപ്പെട്ടിരുന്നു.

സര്‍ സയ്യിദ് കോളജ് മാനേജ്മെന്റുമായി മുസ്ലിം ലീഗിന് ഔദ്യോഗികമായി ബന്ധമില്ല. എന്നിരുന്നാലും, നരിക്കോട്ട് ഇല്ലം അവരുടെ അവകാശവാദങ്ങള്‍ ഉന്നയിച്ചപക്ഷം, അതിന്റെ മെറിറ്റ് പരിശോധിക്കേണ്ടതാണ്. കോളേജ് മാനേജ്മെന്റിന്റെയും നരിക്കോട്ട് കുടുംബത്തിന്റെയും വാദങ്ങള്‍ പരിശോധിച്ച് തര്‍ക്കം രമ്യമായി പരിഹരിക്കണം എന്നും മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി പറഞ്ഞു.

അതേസമയം, സര്‍ സയ്യിദ് കോളജ് കൈകാര്യം ചെയ്യുന്ന കണ്ണൂര്‍ ജില്ലാ മുസ്ലീം വിദ്യാഭ്യാസ അസോസിയേഷന്‍ (CDMEA) നരിക്കോട്ട് ഇല്ലത്തിന്റെ അവകാശവാദങ്ങള്‍ തള്ളി. ”വര്‍ഷങ്ങള്‍ക്ക് മുമ്പ്, നരിക്കോട്ട് ഇല്ലവുമായി 72 ഏക്കറുമായി ബന്ധപ്പെട്ട ഒരു ഭൂമി തര്‍ക്കം നിയമപരമായി പരിഹരിച്ചു. ഇപ്പോള്‍ അവര്‍ക്ക് അവകാശവാദങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ല. ഭൂമി വഖഫിനും തളിപ്പറമ്പ് ജമാഅത്ത് പള്ളിക്കും അവകാശപ്പെട്ടതാണെന്ന് വ്യക്തമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തം പേരില്‍ ഭൂമി കൈവശം വയ്ക്കണമെന്ന യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ‘തണ്ടപ്പര്‍’ മാറ്റാന്‍ മാത്രമാണ് ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്,” സിഡിഎംഇഎ ജനറല്‍ സെക്രട്ടറി മഹ്മൂദ് അല്ലംകുളം പറഞ്ഞു.

എന്നാല്‍, ഭൂമി പള്ളിയുടേതല്ലെന്നും നരിക്കോട്ട് ഇല്ലത്തിന്റേതാണെന്നും ഒരിടത്തും പറഞ്ഞിട്ടില്ലെന്ന സിഡിഎംഇഎ വാദത്തിന് വിരുദ്ധമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. അതില്‍ ഒരുകാലത്ത് നരിക്കോട്ട് ഇല്ലത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഭൂമിയെന്നും തളിപ്പറമ്പ് ജമാഅത്തിന് അതില്‍ നിയമപരമായ അവകാശമില്ലെന്നും വ്യക്തമാക്കുന്നു. നരിക്കോട്ട് ഇല്ലത്തെ യഥാര്‍ത്ഥ ഉടമയായി പട്ടികപ്പെടുത്തുന്ന അഡങ്കലിന്റെ (ഭൂമി രജിസ്റ്ററിന്റെ) സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വഖഫ് ഭൂമി അഴിമതിയുടെ ഭാഗമാണ് മുസ്ലിം ലീഗും സിഡിഎംഇഎയും എന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) ആരോപിച്ചു.

തളിപ്പറമ്പിലെ നരിക്കോട്ട് ഇല്ലം ഉള്‍പ്പെടെ നാല് ഇല്ലങ്ങളില്‍ നിന്ന് ഏകദേശം 700 ഏക്കര്‍ വഖഫ് ഏറ്റെടു ത്തു. ഇപ്പോള്‍ 82 ഏക്കര്‍ മാത്രമേ വഖഫ് കൈവശപ്പെടുത്തിയിട്ടുള്ളൂ. രേഖകളില്‍ 339 ഏക്കര്‍ ഉണ്ടെന്ന് പരാമര്‍ശിക്കുന്നുണ്ട്. ജമാഅത്ത് പള്ളികള്‍ വളരെക്കാലമായി മുസ്ലിം ലീഗ് നിയന്ത്രണത്തിലായിരുന്നു. കാണാതായ ഭൂമി എവിടെയാണെന്ന് അവര്‍ വിശദീകരിക്കണം. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെ ക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.

സര്‍ സയ്യിദ് കോളജ് നില്‍ക്കുന്ന 25 ഏക്കര്‍ ഭൂമിയും ജമാ അത്ത് പള്ളിയില്‍ നിന്ന് 2885/ 1973 നമ്പര്‍ ആധാരപ്രകാരം പാട്ടത്തിനു വാങ്ങി ഹോസ്റ്റലുണ്ടാക്കിയ രണ്ട് ഏക്കര്‍ ഭൂമിയും നരിക്കോട്ട് ഇല്ലത്തിന്റേ താണെന്ന് വാദിച്ച് നാല് വര്‍ഷം മുമ്പേ വഖഫ് ബോര്‍ഡിലും ട്രൈബ്യൂണലിലും സര്‍ സയ്യിദ് കോളജ് മാനേജ്മെന്റ് പരാജയപ്പെട്ടിരുന്നു. ഭൂമി പള്ളിയുടേതാണെന്ന് കോടതി വിധിച്ചിരുന്നു. ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് നിയമനടപടികള്‍ക്ക് ഒരുങ്ങുന്ന നരിക്കോട്ട് ഇല്ലത്തിന് ബിജെപി പിന്തുണ വാഗ്ദാനം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്.


Read Previous

64 കുടുംബങ്ങളുടെ കൂട്ടായ്മ, ഇന്ത്യയി ലെ ആദ്യത്തെ ജൈവഗ്രാമം ; ഇവർ ചെയ്യുന്നത് പരിസ്ഥിതി സൗഹൃദ കൃഷി

Read Next

എല്ലാ മേഖലകളിലും കേരളം നമ്പർ വൺ, ലോകം സംസ്ഥാനത്തെ അതിശയത്തോടെ നോക്കിക്കാണുന്നു: മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »