മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് കണ്ടെത്തിയതല്ലേ?


കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്ന് കോടതി ചോദിച്ചു. മുനമ്പത്തെ 104 ഏക്കര്‍ ഭൂമി വഖഫ് ആണെന്ന് സിവില്‍ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വീണ്ടും കമ്മീഷനെ വെച്ച് എങ്ങനെ തീരുമാനമെടുക്കാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റേത് ജനങ്ങളുടെ കണ്ണിയില്‍ പൊടിയിടാനുള്ള തന്ത്രം ആണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

മുനമ്പത്തെ കോടതി കണ്ടെത്തിയ ഭൂമിയില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധന സാധ്യമല്ല. കോടതി കണ്ടെത്തിയ ഭൂമി ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണന വിഷയത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ല. വഖഫ് കമ്മീഷന്‍ റിപ്പോര്‍ട്ട് 2010 ല്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. വേണ്ടത്ര നിയമപരിശോധന കൂടാതെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതെന്നും കോടതി നിരീക്ഷിച്ചു. ജുഡീഷ്യല്‍ കമ്മീഷന്റെ അധികാരപരിധി വിശദീകരിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഒരു ഭൂമിയുടെ ടൈറ്റില്‍ തീരുമാനിക്കുള്ള അവകാശം സിവില്‍ കോടതിക്കാണ്. ആ അവകാശത്തില്‍ ഒരു ജുഡീഷ്യല്‍ കമ്മീഷന് എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചു. മുനമ്പത്തെ 104 ഏക്കര്‍ ഭൂമി വഖഫ് ആണെന്ന സിവില്‍ കോടതി ഉത്തരവ് പിന്നീട് ഹൈക്കോടതിയും അംഗീകരിച്ചിട്ടുള്ളത്. അത് എങ്ങനെ ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് ആയി വരുന്നു?. ഈ ഭൂമി ഒഴിവാക്കിയല്ല ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം. കോടതി തീരുമാനിച്ച ഭൂമിയില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് അത്ഭുതങ്ങളുടെ എന്തു പെട്ടിയാണ് തുറക്കാന്‍ പോകുന്നതെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.

എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങള്‍ കമ്മീഷന്റെ പരിധിയില്‍ ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ബുധനാഴ്ച വിശദമായ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സമരം ശക്തമായതോടെയാണ് സര്‍ക്കാര്‍, റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്. കമ്മീഷന്‍ സിറ്റിങ്ങുകള്‍ തുടരുന്നതിനിടെയാണ് ഹൈക്കോടതി ഇടപെടല്‍.


Read Previous

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു

Read Next

പകൽ നാടൻപണികൾ, സന്ധ്യയായാൽ മയക്കുമരുന്ന് കച്ചവടം; നാട്ടിലെ ‘മാന്യന്മാരായ’ അതിഥി തൊഴിലാളികൾ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »