മരണ ഭൂമിയായി വയനാട്: ഇതുവരെ മരിച്ചത് 120 പേര്‍; 90 പേരെ ഇനിയും കണ്ടെത്താനായില്ല: 130 പേര്‍ പരിക്കേറ്റ് ചികിത്സയില്‍, രക്ഷാ ദൗത്യത്തിന് ഹെലികോപ്ടറെത്തി


കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 120 ആയി. വൈകുന്നേരം ആറ് മണി വരെയുള്ള കണക്കാണിത്. 90 പേരെ ഇനിയും കണ്ടെത്താനുണ്ട്. 130 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വ്യോമ സേനയുടെ ഹെലികോപ്ടറെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.

വയനാട് മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ മാത്രം 70 മൃതദേഹങ്ങള്‍ ഉണ്ട്. ഇവരില്‍ 48 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയില്‍ മൂന്ന് മൃതദേഹങ്ങളുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 41 മൃതദേഹങ്ങളാണ് ഉള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഒരാളുടെ മൃതദേഹമുള്ളത്. 20 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി.

മേപ്പാടി താലൂക്ക് ആശുപത്രിയില്‍ 20 ശരീര ഭാഗങ്ങളും എത്തിച്ചിട്ടുണ്ട്. ഇത് മരിച്ചു പോയവരുടേതാകാമെന്നാണ് കരുതുന്നത്. പരിക്കേറ്റവരില്‍ വിംസ് ആശുപത്രിയില്‍ മാത്രം 82 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. മേപ്പാടി ആശുപത്രിയില്‍ 27 പേരും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 13 പേരും ചികിത്സയിലുണ്ട്. പരുക്കേറ്റ് ചികിത്സ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവരും നിരവധിയാണ്.

ചൂരല്‍ മലയില്‍ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായി കനത്ത മൂടല്‍മഞ്ഞുണ്ട്. ദുരന്ത മുഖത്ത് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇനിയും ഉരുള്‍പൊട്ടലുണ്ടാകാനുള്ള ഭീഷണി സ്ഥലത്തുണ്ട്. ഇക്കാരണങ്ങളാല്‍ രാത്രിയില്‍ രക്ഷാ പ്രവര്‍ത്തനം നടക്കാനിടയില്ല.

അതിനിടെ ചൂരല്‍ മലയില്‍ മന്ത്രിമാരും രക്ഷാ പ്രവര്‍ത്തകരും തമ്മില്‍ ചര്‍ച്ച നടത്തി. മന്ത്രിമാരായ കെ. രാജന്‍, ഒ.ആര്‍ കേളു, പി.എ മുഹമ്മദ് റിയാസ്, എംഎല്‍എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.


Read Previous

വയനാടിന് സഹായവുമായി കേളി; പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

Read Next

വയനാട് ദുരന്തം; പ്രവാസികളുടെ പ്രഥമ സഹായം കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »