ബിഎംഡബ്ല്യൂ കാർ ഉള്ളവർക്കും ക്ഷേമപെൻഷൻ; 42 പേരിൽ 38 ഉം അനർഹർ; കോട്ടക്കൽ നഗരസഭയിലെ പെൻഷൻ ക്രമക്കേടിൽ അന്വേഷണം


മലപ്പുറം: കോട്ടക്കല്‍ നഗരസഭയില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ബിഎംഡബ്ല്യൂ കാര്‍ ഉള്ളവരും ഉണ്ടെന്ന് ധനവകുപ്പിന്‍റെ കണ്ടെത്തല്‍. സര്‍ക്കാര്‍ ജോലിയില്‍നിന്നു വിരമിച്ച സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും ധനവകുപ്പ് പരിശോധനയില്‍ കണ്ടെത്തി. ഇവര്‍ പെന്‍ഷന്‍ വാങ്ങാന്‍ ഇടയായത് എങ്ങനെയെന്നു കണ്ടെത്താനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താനും ധനവകുപ്പ് നിര്‍ദേശം നല്‍കി.

കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ക്രമക്കേടിലാണ് അന്വേ ഷണം പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴാം വാര്‍ഡിലെ 42 സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 38 പേരും അനര്‍ഹരാണെന്നാണ് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയത്. ആകെ നാലുപേര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹത.

അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയിരുന്നവരില്‍ ചിലര്‍ക്ക് ബിഎംഡബ്ലിയു പോലുള്ള ആഡംബര കാര്‍ സ്വന്തമായുണ്ട്. വലിയ വീടുകളുണ്ട്. ഇവരില്‍ ചിലര്‍ ഭാര്യയും ഭര്‍ത്താവും അടക്കം സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവരും ഉള്‍പ്പെടുന്നു. ഉദ്യോഗസ്ഥ തലത്തിലുള്ള ഒത്താശയോടു കൂടി മാത്രമേ ഇത്ര വലിയ ക്രമക്കേട് ഉണ്ടാകൂ എന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചേര്‍ത്തവര്‍, പെന്‍ഷന്‍ അര്‍ഹത കാണിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ ( വില്ലേജ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ) തുടങ്ങിയവര്‍ക്കെ തിരെ അന്വേഷണം. എങ്ങനെ ഇവരെ ചേര്‍ത്തു, പട്ടകയില്‍ ചേര്‍ക്കുന്നതില്‍, അഴിമതി, കൈക്കൂലി, മറ്റ് ഇടപെടലുകള്‍ തുടങ്ങിയവ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് പ്രൊഫസര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1458 ലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍, കോളജ് അധ്യാപകര്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ തുടങ്ങിയവര്‍ ക്ഷേമപെന്‍ഷന്‍ നിയമവിരുദ്ധമായി കൈപ്പറ്റുന്നതായാണ് സര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്.


Read Previous

കുട്ടികളും മാളികപ്പുറങ്ങളും മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട, ദർശനത്തിന് പ്രത്യേക ​ഗേറ്റ്

Read Next

സൗബിൻ കൂടുതൽ കുരുക്കിലേയ്ക്ക്: നിർണായക രേഖകൾ കണ്ടെത്തിയെന്ന് സൂചന; നടനെ ഉടൻ ചോദ്യം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »