ഇന്‍ഫോപാര്‍ക്ക് റൂട്ടിലും ലാഭകരമായി യാത്ര ചെയ്യാം, രാവിലെ ഏഴുമുതല്‍ സര്‍വീസ്; മെട്രോ കണക്ട് ഇലക്ട്രിക് ബസ് സര്‍വീസ് ബുധനാഴ്ച മുതല്‍


കൊച്ചി: മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ട്രിക് ബസ് സര്‍വീസ് ബുധനാഴ്ച മുതല്‍ ഇന്‍ഫോ പാര്‍ക്ക് റൂട്ടിലും. ആദ്യ ഘട്ട സര്‍വീസ് ആയ ആലുവ- എയര്‍പോര്‍ട്ട്, കളമശേരി- മെഡിക്കല്‍ കോളജ്, കളമശേരി- കുസാറ്റ് റൂട്ടുകള്‍ വിജയമായതിന്റെ പശ്ചാത്തലത്തിലാണ് സര്‍വീസ് വ്യാപിപ്പിക്കുന്നത്. വെള്ളിയാഴ്ച വരെ ഈ റൂട്ടുകളിലായി 15,500 പേരാണ് സഞ്ചരിച്ചത്.

കൊച്ചി ജലമെട്രോ കാക്കനാട് സ്റ്റേഷനെ ഇന്‍ഫോപാര്‍ക്ക്, സിവില്‍ സ്റ്റേഷന്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ഇന്‍ഫോപാര്‍ക്ക് റൂട്ടിലെ സര്‍വീസ്. ഈ റൂട്ടില്‍ 3 ഇലക്ട്രിക് ബസുകളാണ് ഓടിക്കുക. കാക്കനാട് ജലമെട്രോ- കിന്‍ഫ്ര-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ എട്ടുമുതല്‍ രാത്രി 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സര്‍വീസുണ്ടാകും.

രാവിലെ 7, 7.20, 7.50 സമയങ്ങളില്‍ കളമശേരിയില്‍നിന്ന് നേരിട്ട് സിവില്‍ സ്റ്റേഷന്‍, ജലമെട്രോ വഴി ഇന്‍ഫോപാര്‍ക്കിലേക്ക് സര്‍വീസ് നടത്തും. വൈകിട്ട് തിരിച്ച് 7.15ന് ഇന്‍ഫോപാര്‍ക്കില്‍നിന്നുള്ള ബസ് ജലമെട്രോ, കാക്കനാടുവഴി കളമശേരിക്കുമുണ്ടാകും.

കാക്കനാട് ജലമെട്രോ-കലക്ടറേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ എട്ടുമുതല്‍ രാത്രി 7.30 വരെയാണ് സര്‍വീസ്. 20 രൂപയാണ് ടിക്കറ്റ് നിരക്ക്. കാക്കനാട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കുന്നതിനുമുന്നോടിയായി നടന്ന ട്രയല്‍ റണ്ണില്‍ ഇന്‍ഫോപാര്‍ക്ക് ഡിജിഎം ശ്രീജിത് ചന്ദ്രന്‍, എജിഎം വി ആര്‍ വിജയന്‍ , മാനേജര്‍ ടിനി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Read Previous

പ്രമുഖ ഹൃദയരോഗ വിദഗ്ധൻ ഡോ.കെ.എം ചെറിയാൻ അന്തരിച്ചു

Read Next

ജനങ്ങൾ പുറത്തിറങ്ങരുത്, കടകൾ അടച്ചിടണം’; കടുവ ഭീതിയിൽ വയനാട്; നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »