പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലാണ് സിദ്ദിഖിന്റെ അഭിഭാഷകന്‍ വാദിച്ചതെന്ന് കോടതി; ആ വാദം നിലനില്‍ക്കില്ല, സിദ്ദിഖ് പ്രഥമദൃഷ്ട്യാ കുറ്റക്കാരന്‍; പരാതിക്കാരിയെ വ്യക്തിഹത്യ നടത്തി’


കൊച്ചി: നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങള്‍. അതിജീവിതയുടെ പരാതി അങ്ങേയറ്റം ഗൗരവ മുള്ളതും ഗുരുതരവുമാണെന്ന് കോടതി വ്യക്തമാക്കി. കോടതിക്കു മുമ്പാകെയുള്ള തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുണ്ടെന്നും ജസ്റ്റിസ് സി എസ് ഡയസ് തന്റെ വിധിയില്‍ പറയുന്നു. പരാതിക്കാരിയെ വ്യക്തിഹത്യ നടത്തിയെന്ന് നിരീക്ഷിച്ച കോടതി സ്ത്രീ ഏതു സാഹചര്യത്തിലും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലാണ് സിദ്ദിഖിന്റെ അഭിഭാഷകന്‍ വാദിച്ചതെന്ന് കോടതി പറഞ്ഞു. 14 പേര്‍ക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു എന്നതുകൊണ്ട് പരാതിക്ക് വിശ്വാസ്യതയില്ല എന്നും വാദിച്ചു. ഇത് അനാവശ്യമായ പരാമര്‍ശമാണ്. തന്റെ ലൈംഗികാവയവം കടത്തി ബലാത്സംഗം ചെയ്തുവെന്ന് പരാതിയിലില്ല എന്ന സിദ്ദിഖിന്റെ വാദം കോടതി തള്ളി. ഐപിസി 375 ാം വകുപ്പില്‍ ലൈംഗികാവയവം ഉപയോഗിച്ചുള്ള പീഡനം മാത്രമല്ല, മറ്റേത് ഭാഗം കൊണ്ടാണെങ്കിലും സ്ത്രീയുടെ സമ്മതമില്ലെങ്കില്‍ അത് ബലാത്സംഗത്തിന്റെ പരിധി യില്‍ വരും. അതുകൊണ്ട് ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. സിദ്ദിഖിന്റെ ലൈംഗിക ശേഷി പരിശോധിക്കേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീക്കുണ്ടാകുന്ന അനുഭവം അവരുടെ സ്വഭാവത്തെയല്ല കാട്ടുന്നത്, മറിച്ച് അവര്‍ നേരിടുന്ന ദുരിതത്തെയാണ്. ഒരു സ്ത്രീയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ഒരുപക്ഷേ, അവരെ നിശബ്ദയാക്കാന്‍ വേണ്ടിയായിരിക്കും. എന്നാല്‍ അത് നിയമത്തിന് എതിരാണ്. പരാതിയുടെ ഗൗരവമാണ് കോടതി നോക്കുന്നത്. അല്ലാതെ പരാതിക്കാരിയുടെ സ്വഭാവമല്ല. അതുകൊണ്ടുതന്നെ സിദ്ദിഖ് പരാതിയില്‍ പറയുന്ന കുറ്റം ചെയ്‌തെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ടോ യെന്നും മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനാണോ എന്നും മാത്രമാണ് കോടതി പരിഗണിക്കുന്നത്.

പരാതി നല്‍കാന്‍ വൈകി എന്നതുകൊണ്ട് അതില്‍ കഴമ്പില്ല എന്നു പറയാന്‍ കഴിയില്ല. അഭിമാനം നഷ്ടപ്പെടുമോ, ഭയം അടക്കം അനേകം കാര്യങ്ങള്‍ പരാതി നല്‍കുന്നതില്‍ നിന്ന് വൈകിപ്പിക്കാറുണ്ട്. എന്തുകൊണ്ട് വൈകി എന്ന സാഹചര്യങ്ങളും മറ്റ് വിശദാംശങ്ങളും വിചാരണകോടതിയില്‍ പരിശോധിക്കാവുന്നതാണ്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് പരാതിക്കാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് തുറന്ന് പറയാന്‍ അവസരം ഉണ്ടാക്കിയിട്ടുണ്ട്.


Read Previous

മെക്7 റിയാദ് ഹെല്‍ത്ത്‌ ക്ലബ്‌, സൗദി ദേശീയദിനം പുതുമകളോടെ പരേഡ് നടത്തിയും, രക്തദാനം നല്‍കിയും ആഘോഷിച്ചു

Read Next

ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »