ക്ഷേമ  ഐശ്വര്യത്തിന് വരാഹി തെയ്യം


തൃശ്ശൂർ: ചേര രാജ്യപെരുമയിൽ ഭാരതം മുഴുവൻ എന്നല്ല ഇന്നത്തെ ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളും ചേര ചോള രാജാക്കന്മാരുടെ കീഴിലായിരുന്നു. ആ രാജവംശം സപ്തമാതൃക്കളെയാണ് ഉപാസിച്ചിരുന്നത്. കേരളത്തിലെ കൊടുങ്ങല്ലൂർ, അങ്ങാടിപ്പുറം, തുടങ്ങി അനവധി ക്ഷേത്രങ്ങൾ സപ്തമാതൃക്കളുടേതായി ആ കാലഘട്ടത്തിൽ ഭാരതത്തിലും അവർ ഭരിച്ചിരുന്ന മറ്റു പ്രദേശങ്ങളിലും നിർമ്മിച്ച് ദേവപ്രതിഷ്ഠ നടത്തിയിരുന്നു. അതിലെ വാരാഹി പ്രധാനമായ ക്ഷേത്രമാണ് അന്തിക്കാട് വളളൂർ ദേശത്ത് സ്ഥിതി ചെയ്യുന്നത്. വാരാഹി ഉള്ള ഊര് എന്ന അർത്ഥത്തിൽ ആണ് ഈ ദേശം വളളൂർ എന്നറിയപ്പെട്ടിരുന്നത്. അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തിൽ വെള്ളപൊക്കത്തിൽ ഈ ക്ഷേത്രം നാമാവശേഷമായി. 2019 ലെ വെള്ളപൊക്കത്തിലും ഈ ക്ഷേത്രം പൂർണ്ണമായും വെള്ളത്തിനടിയിൽ ആയിരുന്നു. വലിയ കൃഷിയിടമായ ഇവിടെ നിന്നും പല സമയത്തും ക്ഷേത്രാവശിഷ്ടങ്ങൾ ലഭിക്കാറുണ്ട്. വാർഷിക വിളക്കുവെപ്പ് മാത്രമായിരുന്ന ഈ സങ്കേതത്തിൽ വ്യാഴവട്ടമായി പുനരുദ്ധാരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. 5 വർഷം മുൻപാണ് വാരാഹിദേവിയുടെ ശ്രീകോവിൽ നിർമ്മിച്ച് പുനപ്രതിഷ്ഠ നടത്തിയത്.

ക്ഷേത്രം പഴയ പ്രൗഡിയിലേക്കുള്ള യാത്രയിലാണ്. അതിന്റെ ഭാഗമായി ദേവിപ്രീതിക്ക് വിവിധ തരത്തിൽ ഉള്ള ആചാരങ്ങൾ ദൈവഞ്ജഹിതമായി നിശ്ചയിച്ചിട്ടുണ്ട്. അതിൽ പ്രധാനമായ ഒരു സമ്പ്രദായം ഈ വർഷം മുതൽ തുടക്കം കുറിക്കുകയാണ്. ഏറ്റവും പ്രാചീന ആരാധനാചാരമായ വാരാഹിതെയ്യം ഈ ഡിസംബർ ഒന്നിന് ക്ഷേത്രത്തിൽ അരങ്ങേറുന്നു. അന്ധകാസുരനെ വധിക്കുന്നതിനായി ദേവി വാരാഹി രൂപത്തിൽ അവതരിച്ച കഥ തെയ്യരൂപത്തിൽ അവതരിപ്പിക്കുകയാണ്. ഇരുപത്തിഅഞ്ചോളം കലാകാരന്മാർ നേരിട്ടും വാദ്യം, ചുട്ടി തുടങ്ങി അനവധിപേർ പരോക്ഷമായും ഈ കലാരൂപത്തിൽ ഭാഗഭാക്കാകുന്നു. സന്താനലബ്ധിക്കായി കൃഷ്ണപ്രീത്യർത്ഥം സന്താനഗോപാലം കൃഷ്ണനാട്ടം ആടാറുണ്ട്. അതുപോലെ സന്തോഷകരമായ ദാമ്പത്യത്തിന് രുഗ്മണിസ്വയംവരം കൃഷ്ണനാട്ടം ആടാറുണ്ട്. അതുപോലെ ജീവിതത്തിൽ വിവിധരംഗങ്ങളിൽ അന്ധകാരസമമായി നമ്മെ ബാധിക്കുന്ന എല്ലാ ആപത്തുകളിൽ നിന്നും തെയ്യാട്ട വഴിപാട് എല്ലാവരെയും രക്ഷിക്കുന്നു.

വിദ്യാഭ്യാസം, തൊഴിൽ, കർമ്മവ്യാപാരങ്ങൾ, കുടുംബബന്ധങ്ങൾ, സമ്പത്ത്, സന്തതി, സൽപേര് എന്ന് തുടങ്ങി സകലമേഖലകളിലും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നതോടൊപ്പം ശത്രുദോഷങ്ങളിൽ നിന്നും ആഭിചാരബാധാദോഷങ്ങളിൽ നിന്നും ദേവി നമ്മെ രക്ഷിക്കുന്നു. ഈ യഞ്ജത്തിലേക്ക് ഘോഷവാദ്യങ്ങൾ, തെയ്യമണ്ഡപപൂജകൾ, യഞ്ജശാല, പ്രസാദഭോജനം, തെയ്യാവിഷ്കാരം ചെയ്യുന്ന ദേവി ഉപാസകർക്കുള്ള ദക്ഷിണ എന്നിവയെല്ലാം ഭക്തജനങ്ങൾക്ക് വഴിപാടായി സമർപ്പിക്കാവുന്നതാണ്. ഈ ദേവി സമർപ്പണത്തിനോട് സഹകരിച്ച് വരാഹിപ്രീതിപാത്രമായി എല്ലാ ആപത്തുകളിൽ നിന്നും മോചിക്കപ്പെടാനും എല്ലാ ക്ഷേമ ഐശ്വര്യങ്ങളുടെയും വാസസ്ഥാനമാകാനും ഭക്തരെ വാരാഹി ദേവിനാമത്തിൽ ആഹ്വാനം ചെയ്യുന്നു.


Read Previous

അബ്ദുൽ റഹീമിന്റെ മോചനത്തിനായി ലഭിച്ചത് 47.87 കോടി രൂപ, ചെലവ് 36.27 കോടി, ബാക്കി തുക എന്തു ചെയ്യണമെന്ന് റഹീം എത്തിയ ശേഷം തീരുമാനിക്കും: അബ്ദുറഹീം ലീഗൽ അസ്സിസ്റ്റൻസ് ട്രസ്റ്റ് കമ്മിറ്റി

Read Next

ആത്മകഥാ വിവാദത്തില്‍ ഇപിയെ പിന്തുണച്ച് മുഖ്യമന്ത്രി; സരിന്‍ മിടുക്കനായ ചെറുപ്പക്കാരനെന്ന് പിണറായി വിജയന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »