
കണ്ണൂർ: സ്‌കൂൾ വിദ്യാർഥികൾ ക്ലാസ് സമയങ്ങളിലോ ക്ലാസ് വിട്ടതിനുശേഷമോ ചുറ്റിക്കറങ്ങുന്നത് നിരീക്ഷിക്കാൻ കണ്ണൂർ പോലീസ് നടപ്പാക്കിയ ‘വാച്ച് ദ ചിൽഡ്രൻ’ പദ്ധതിയിൽ ആറുമാസത്തിനിടെ കുടുങ്ങിയത് 107 വിദ്യാർഥികൾ. എ.സി.പി. ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയാണിത്. കറങ്ങിനടക്കേണ്ട, വിവരമറിയും എന്നാണ് പദ്ധതിയുടെ ടാഗ് ലൈൻ. ചില വിദ്യാർഥികൾ ബീച്ചുകൾ, മാളുകൾ, കോട്ട, ബസ് സ്റ്റാൻഡുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിൽ കറങ്ങുന്നതായും മയക്കുമരുന്ന് ഉപയോഗിക്കുന്നതായും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംവിധാനം തുടങ്ങിയത്. പിങ്ക് പോലീസാണ് ക്ലാസ് കട്ടുചെയ്ത് കറങ്ങുന്ന വിദ്യാർഥികളെ പിടിക്കുക. സ്‌കൂൾ പ്രിൻസിപ്പൽമാർ, മുഖ്യാധ്യാപകർ, വനിതാ പോലീസ് ഇൻസ്പെക്ടർ, വനിതാ, പിങ്ക് പോലീസ് എസ്.ഐ.മാർ എന്നിവർ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പ് രൂപവത്കരിച്ചിട്ടുണ്ട്.
ചുറ്റിക്കറങ്ങുന്ന വിദ്യാർഥികളുടെ അടുത്തെത്തി കാര്യങ്ങൾ അന്വേഷിക്കുകയാണ് ആദ്യം ചെയ്യുന്നത്. വ്യക്തമായ കാരണമില്ലെങ്കിൽ വിദ്യാർഥികൾക്ക് മാനസികപിരിമുറുക്കം ഇല്ലാതെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കും. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ആവശ്യമായ ഉപദേശങ്ങൾ നൽകിയാണ് വിട്ടയക്കുന്നത്.
ജില്ലയിലെ ഒരു സ്കൂളിലെ അഞ്ചാംക്സാസുകാരി സ്കൂൾ യൂണിഫോമിന് മുകളിലായി മറ്റൊരു വസ്ത്രംധരിച്ച് നഗരത്തിലെ തിയേറ്ററിലെത്തി. കൂട്ടിനായി എത്തിയത് തിരുവനന്തപുരത്തുനിന്നുള്ള പ്ലസ് ടു വിദ്യാർഥി. സോഷ്യൽ മീഡിയവഴി പരിചയപ്പെട്ടവരാണിവർ. ആലപ്പുഴയിൽനിന്നുള്ള യുവാവും സുഹൃത്തും കണ്ണൂർ കോട്ടയിൽ എത്തിയത് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താംക്ലാസുകാരിയെ കാണാൻ. കൃത്യസമയത്ത് തങ്ങൾ എത്തിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പോലീസ്.