ഐസ് ഉരുകിയ വെള്ളവും ടൂത്ത് പേസ്റ്റും കഴിച്ചാണ് താന്‍ 1ദ ദിവസത്തോളം പിടിച്ച് നിന്നതെന്ന് യുവാവ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

വടക്ക് പടിഞ്ഞാറൻ ചൈനയിലെ കൊടുംതണുപ്പും മലനിരകളും നിറഞ്ഞ ഭൂപ്രദേശത്ത് കാണാതായ 18 -കാരനെ ഒടുവിൽ വിജയകരമായി രക്ഷപ്പെടുത്തി. 10 ദിവസമായി കൌമാരക്കാരനെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ 10 ദിവസം ജീവൻ നിലനിർത്തിയത് ടൂത്ത് പേസ്റ്റും മഞ്ഞും ഭക്ഷിച്ചാണെന്ന് രക്ഷപ്പെട്ടതിന് ശേഷം യുവാവ് വെളിപ്പെടുത്തി. ഫെബ്രുവരി 8 -നാണ് സൺ എന്ന് പേരുള്ള യുവാവ് തന്‍റെ സോളോ ഹൈക്കിംഗ് സാഹസിക യാത്ര ആരംഭിച്ചത്. ഷാങ്‌സി പ്രവിശ്യയിലെ കിഴക്ക് – പടിഞ്ഞാറ് പർവതനിരയായ ക്വിൻലിംഗിലേക്ക് ആയിരുന്നു ഈ യാത്ര. ശരാശരി 2,500 മീറ്റർ ഉയരത്തിനും സസ്യങ്ങളുടെയും വന്യജീവികളുടെയും ശ്രദ്ധേയമായ വൈവിധ്യത്തിനും പേരുകേട്ടതാണ് ക്വിൻലിംഗ് പർവ്വതനിര.
യാത്ര ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബാറ്ററി തീർന്നതോടെ കുടുംബവുമായുള്ള ബന്ധം സണ്ണിന് നഷ്ടപ്പെട്ടു. പർവ്വതനിരയിൽ ഒറ്റപ്പെട്ടുപോയ ഇദേഹത്തിന് വഴിതെറ്റുകയും പുറംലോകവുമായി ഉള്ള ബന്ധം പൂർണമായും നഷ്ടപ്പെടുകയും ചെയ്തു. കഠിനമായ കാലാവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ ഒരു വലിയ പാറയുടെ പിന്നിൽ യുവാവ് അഭയം തേടി. വൈക്കോലും ഇലകളും ഉപയോഗിച്ച് ഒരു താൽക്കാലിക കിടക്ക നിർമ്മിക്കുകയും അവിടെ കഴിയുകയും ചെയ്തു.