ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റിലായത് 19,431 പ്രവാസികള്‍; നാടുകടത്തിയത് 10,000ത്തോളം നിയമലംഘകരെ; നാടുകടത്തല്‍ കേന്ദ്രങ്ങളിലുള്ളത് 58,365 വിദേശികള്‍


റിയാദ്: വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 10,000ത്തോളം നിയമലംഘകരെ സൗദി അറേബ്യ നാടുകടത്തി. ഫെബ്രുവരി 15 മുതല്‍ 21 വരെയുള്ള കണക്കാണ് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. 9,566 പേരെയാണ് ഏഴ് ദിവസങ്ങള്‍ക്കിടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്.

നിലവില്‍ 58,365 വിദേശികളാണ് രാജ്യത്തെ വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ഇവരില്‍ 53,636 പുരുഷന്മാരും 4,729 സ്ത്രീകളും ഉള്‍പ്പെടുന്നു. 1,624 പേരുടെ യാത്രാ ക്രമീകരണങ്ങള്‍ കൂടി പൂര്‍ത്തിയായിട്ടുണ്ട്. ഇവരെ യാത്രാ തീയതികള്‍ക്കനു സരിച്ച് തിരിച്ചയക്കും. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ ലഭിക്കുന്നതിന് 50,839 പേരുടെ ഫയലുകള്‍ സൗദി അധികൃതര്‍ ബന്ധപ്പെട്ട രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് അയച്ചിട്ടുണ്ട്.

നിയമലംഘകരെ കണ്ടെത്തി നാടുകടത്തുന്നതിന് രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വിവിധ സുരക്ഷാ വിഭാഗങ്ങള്‍ പരിശോധന തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റിലായത് 19,431 പ്രവാസികളാണ്. ഇഖാമ ഇല്ലാത്തവരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരും നുഴഞ്ഞുകയറ്റക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.

ഇഖാമ നിയമ ലംഘനത്തിന് 11,897 പേരാണ് ഫെബ്രുവരി 15 മുതല്‍ 21 വരെ പിടിയി ലായത്. അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിന് 4,254 പേരും തൊഴില്‍ നിയമം ലംഘിച്ചതിന് 3,280 പേരും പിടിക്കപ്പെട്ടു. രാജ്യത്തേക്ക് അനധികൃതമായി പ്രവേശി ക്കാന്‍ ശ്രമിച്ചതിന് 971 പേര്‍ അറസ്റ്റിലായി. ഇവരില്‍ 39% യെമനികളും 57% എത്യോപ്യക്കാരും 4% മറ്റ് രാജ്യക്കാരുമാണ്. മതിയായ രേഖകളില്ലാതെ സൗദി അറേബ്യ വിടാന്‍ ശ്രമിക്കുന്നതിനിടെ 36 പേരും പിടിക്കപ്പെട്ടു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്ര, താമസ സൗകര്യങ്ങള്‍ നല്‍കിയതിന് 15 പേരെ അറസ്റ്റ് ചെയ്തു.

നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കാന്‍ ആളുകളെ സഹായിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. നുഴഞ്ഞുകയറാന്‍ സൗകര്യംചെയ്യല്‍, ഗതാഗത- താമസ-ജോലി സൗകര്യം നല്‍കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിയമലംഘകര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുകയും നിയമലംഘകരുടെ പേര് വിവരങ്ങള്‍ അവരുടെ ചെലവില്‍ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്യും.

ഓരോ ആഴ്ചയും പിടിക്കപ്പെടുന്ന നിയമലംഘകരായ വിദേശികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. നേരത്തേ ഒരാഴ്ചയ്ക്കിടെ പതിനായിരത്തോളം പേരാണ് അറസ്റ്റിലായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 20,000ത്തില്‍ എത്തിയിട്ടുണ്ട്.


Read Previous

എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍ ; 4,27,105 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും; മാര്‍ച്ച് 25 വരെയാണ് പരീക്ഷ; ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പികെഎംഎംഎച്ച്എസ് എടരിക്കോട്.

Read Next

സിദ്ധാര്‍ഥന്‍റെ മരണം CBI അന്വേഷിയ്ക്കണം; സുരേഷ്‌ ഗോപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »