
ജിദ്ദ: അണ്‍ ക്യാപ്ഡ് ഓള്‍ റൗണ്ടര്‍മാരുടെ ലേലത്തില്‍ നേട്ടം സ്വന്തമാക്കി നമാന്‍ ധിര്‍. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 5.25 കോടിയ്ക്ക് മുംബൈ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിച്ചു. കഴിഞ്ഞ സീസണിലും താരം മുംബൈ ഇന്ത്യന്‍സിലാണ് കളിച്ചത്. അടിസ്ഥാന വില 30 ലക്ഷമുണ്ടായിരുന്ന മറ്റ് ചില താരങ്ങളും നേട്ടം സ്വന്തമാക്കി. നേഹല്‍ വധേരയെ പഞ്ചാബ് കിങ്‌സ് 4.20 കോടിയ്ക്ക് ടീമിലെത്തിച്ചു.
4.20 കോടിയ്ക്ക് അബ്ദുല്‍ സമദിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിച്ചു. താരത്തിനും അടിസ്ഥാന വില 30 ലക്ഷമായിരുന്നു.30 ലക്ഷമുണ്ടായിരുന്ന അഭിനവ് മനോഹര്‍ 3.20 കോടി നേടി. താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്.
അംഗ്കൃഷ് രഘുവംശിയെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തിരിച്ചെത്തിച്ചു. താരത്തിന്റെ അടിസ്ഥാന വില 35 ലക്ഷമായിരുന്നു. കെകെആര്‍ താരത്തെ 3 കോടിയ്ക്കാണ് ടീമിലെത്തിച്ചത്.
അഫ്ഗാന്‍ സ്പിന്നര്‍ക്ക് 10 കോടി
അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ നൂര്‍ അഹമദിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. 10 കോടിയാണ് മുടക്കിയത്.
ഹസരംഗയും തീക്ഷണയും രാജസ്ഥാനില്‍
രാജസ്ഥാന്‍ റോയല്‍സ് രണ്ട് ശ്രീലങ്കന്‍ സ്പിന്നര്‍മാരെ ടീമിലെത്തിച്ചു. വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരാണ് രാജസ്ഥാന്‍ പാളയത്തിലെത്തിയത്. ഹസരംഗയ്ക്ക് 5.25 കോടിയും തീക്ഷണയ്ക്കായി 4.40 കോടിയും രാജസ്ഥാന്‍ മുടക്കി.
സാംപയും രാഹുല്‍ ചഹറും
ആദം സാംപ, രാഹുല്‍ ചഹര്‍ എന്നിവരെ എസ്ആര്‍എച് സ്വന്തമാക്കി. രാഹുല്‍ ചഹറിനെ 3.2 കോടിയ്ക്കും സാംപയെ 2.4 കോടിയ്ക്കുമാണ് ടീം സ്വന്തമാക്കിയത്.
ബോള്‍ട്ട് വീണ്ടും
ട്രെന്റ് ബോള്‍ട്ടിനെ രാജസ്ഥാനില്‍ നിന്നു മുംബൈ ഇന്ത്യന്‍സ് സ്വന്തം പാളയത്തില്‍ തിരിച്ചെത്തിച്ചു. 12.5 കോടിയാണ് താരത്തിനായി മുടക്കിയത്. ജോഫ്ര ആര്‍ച്ചര്‍ മുംബൈയില്‍ നിന്നു രാജസ്ഥാനിലെത്തിയിരുന്നു. പിന്നാലെയാണ് ബോള്‍ട്ടിന്റെ മറുചാട്ടം.