ഒരുക്ലാസില്‍ 35 കുട്ടികള്‍ മതി; സ്‌കൂള്‍ സമയം എട്ടുമുതല്‍ ഒരുമണിവരെ; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചു


തിരുവനന്തപുരം: സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നതുള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രീ സ്‌കൂളില്‍ 25, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിര്‍ദേശമുണ്ട്.

സമിതി ശുപാര്‍ശ ചര്‍ച്ചയ്ക്കുശേഷം സമവായത്തില്‍ നടപ്പാക്കാനാണ് ധാരണ. കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്‌കൂളുകളിലും നിലവില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. അതേസമയം, പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനഃക്രമീകരിക്കാം. ചിലവിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് നാലുവരെയുള്ള സമയം പ്രയോജനപ്പെടുത്താമെന്നും സമിതി നിര്‍ദേശിച്ചു.

കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാന്‍ സമയമാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഈക്രമീകരണത്തില്‍ കുട്ടികളുടെ പ്രായവും ശാരീരികവും മാനസികവുമായ സവിശേഷതകളും പരിഗണിക്കണം.

1990-കളില്‍ സ്‌കൂള്‍സമയം ചര്‍ച്ചയായിരുന്നു. പഠനകോണ്‍ഗ്രസുകളിലും മറ്റും പഠനസമയം സംവാദവിഷയമായി. കേരള വിദ്യാഭ്യാസചട്ടം (കെ.ഇ.ആര്‍.) പരിഷ്‌കരിക്കാന്‍ നിയോഗിക്കപ്പെട്ട സമിതികളും ഈ ശുപാര്‍ശനല്‍കി. 2007-ല്‍ മുന്‍ചീഫ് സെക്രട്ടറി സിപി നായര്‍ അധ്യക്ഷനായുള്ള സമിതി ഒന്നുമുതല്‍ പത്തുവരെ ക്ലാസുകാര്‍ക്ക് ലൈബ്രറി, ലബോറട്ടറി, സെമിനാര്‍, പ്രോജക്ട്, സര്‍ഗാത്മകം, കായികം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സമയംകണ്ടെത്തണമെന്നും പറഞ്ഞിരുന്നു – ഖാദര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.


Read Previous

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം; വയനാട്ടില്‍ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയര്‍ടെല്‍

Read Next

ചൂരൽമലയിലെ ചെളിക്കുഴിയിൽ മുങ്ങിത്താഴും മുമ്പ് അത്ഭുതകരമായി രക്ഷപ്പെട്ട ദൈവത്തിന്റെ കരങ്ങൾ രക്ഷിച്ച അമ്മയും മകളും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »