
തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മയക്കുമരുന്ന് കുത്തി വയ്പ്പിലൂടെ സംസ്ഥാനത്ത് 52 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്.മയക്കുമരുന്ന് കുത്തി വയ്ക്കാന്‍ സിറിഞ്ചുകള്‍ പങ്ക് വെച്ചതാണ് എച്ച്‌ഐവിക്ക് കാരണമായത്. ഈ വിധം എച്ച്‌ഐവി ബാധിച്ച വര്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നിരീക്ഷണത്തിലാണ്.
മയക്കുമരുന്ന് കുത്തി വയ്ക്കുന്നവരെ കണ്ടെത്തുകയും അവരുടെ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്ത ശേഷമാണ് എച്ച്‌ഐവി പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ലഹരി മരുന്ന് സംഘത്തിലെ പത്ത് പേര്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചിരുന്നു.
സിറിഞ്ചുകള്‍ ഉപയോഗിച്ച് നേരിട്ട് ശരീരത്തില്‍ കുത്തിവെക്കുന്ന ബ്രൗണ്‍ ഷുഗറിന്റെ വകഭേദമായ ടോമയെന്ന ലഹരി മരുന്നാണ് വളാഞ്ചേരിയില്‍ വ്യാപകമായി വില്‍ക്കുന്നത്. ഒരു സിറിഞ്ച് തന്നെ പലരും മാറിമാറി ഉപയോഗിച്ചതാണ് രോഗ ബാധയുണ്ടാകാന്‍ കാരണമായത്.
സിറിഞ്ച് കിട്ടാത്ത സാഹചര്യം വന്നാല്‍ ലഹരി വില്‍ക്കുന്നവര്‍ അവരുടെ അടുത്ത് വരുന്നവര്‍ക്ക് ഒരേ സിറിഞ്ചില്‍ നിന്ന് തന്നെ കുത്തിവെക്കുന്ന സാഹചര്യവുമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളാണ് ടോമയടക്കമുള്ള ലഹരി മരുന്നുകളുടെ പ്രധാന വില്‍പ്പനക്കാര്‍.