67 വര്‍ഷത്തിനിടെ 14 പ്രധാനമന്ത്രിമാര്‍ക്കും കൂടി കടം 55 ലക്ഷം കോടി; മോഡിയുടെ ഒമ്പത് വര്‍ഷത്തെ മാത്രം കടം നൂറ് ലക്ഷം കോടി


ന്യൂഡല്‍ഹി: 67 വര്‍ഷത്തിനിടെ 14 പ്രധാനമന്ത്രിമാരുടെ കീഴില്‍ 55 ലക്ഷം കോടി യായിരുന്ന ഇന്ത്യയുടെ കടം നരേന്ദ്ര മോഡിയുടെ കീഴില്‍ 100 ലക്ഷം കോടി വര്‍ധിച്ച് 155 ലക്ഷം കോടിയായെന്ന് കോണ്‍ഗ്രസ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തകര്‍ക്കു കയും തൊഴിലില്ലായ്മ സൃഷ്ടിക്കുകയും പണപ്പെരുപ്പം രൂക്ഷമാക്കുകയും ചെയ്തതിന് പിന്നാലെ 100 ലക്ഷം കോടി രൂപയുടെ അധിക കടമാണു മോഡി സര്‍ക്കാര്‍ ഒറ്റയ്ക്ക് സൃഷ്ടിച്ചതെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് കുറ്റപ്പെടുത്തി. 

നരേന്ദ്ര മോഡിയുടെ കീഴില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെയാണ് ഇന്ത്യയുടെ കടം മൂന്നു മടങ്ങ് വര്‍ധിച്ച് 155 ലക്ഷം കോടി രൂപയായത്. 2014 ല്‍ ഇന്ത്യയുടെ കടം 55 ലക്ഷം കോടിയായിരുന്നു. മോഡി സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയാണു നിലവിലെ സാമ്പത്തികാവസ്ഥയുടെ കാരണം. രാജ്യത്തെ സമ്പദ് വ്യവസ്ഥയെക്കുറിച്ചു ധവളപത്രം ഇറക്കണമെന്നും സുപ്രിയ ശ്രിനേറ്റ് ആവശ്യപ്പെട്ടു. 

രാജ്യത്തിന്റെ സമ്പത്തിന്റെ മൂന്ന് ശതമാനം കൈവശമുള്ള 50 ശതമാനം ഇന്ത്യക്കാര്‍ ജിഎസ്ടിയുടെ 64 ശതമാനം അടച്ചു. രാജ്യത്തിന്റെ സമ്പത്തിന്റെ 80 ശതമാനവും കൈവശം വയ്ക്കുന്ന സമ്പന്നരായ 10 ശതമാനം ജിഎസ്ടിയുടെ മൂന്ന് ശതമാനം മാത്രമാണ് നല്‍കുന്നത്. ഓരോ സെക്കന്‍ഡിലും മോഡി സര്‍ക്കാര്‍ നാല് ലക്ഷം രൂപയുടെ കടം വാങ്ങിയെന്നും ഈ കടത്തിന് 11 ലക്ഷം കോടി രൂപ വാര്‍ഷിക പലിശ സര്‍ക്കാര്‍ അടയ്ക്കാനുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.


Read Previous

ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗം എം.പി രഘു നിര്യാതനായി

Read Next

താജ് ടോസ്സ്റ് മാസ്റ്റേഴ്സ് ക്ലബ് റിയാദിൽ ചിത്രരചനാ മത്സരം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »