മുച്ചൂടും മുടിഞ്ഞ അനിൽ അംബാനിയുടെ കമ്പനിയിൽ 60 കോടി നിക്ഷേപിച്ചു; നഷ്ടമായത് 101 കോടി; കെഎഫ്‌സിക്കെതിരെ അഴിമതി ആരോപണവുമായി വിഡി സതീശൻ


തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടാറായ അനില്‍ അംബാനിയുടെ റിലയന്‍സ് കമേഴ്‌സ് ഫിനാന്‍ഷ്യല്‍ ലിമിറ്റഡില്‍ 2018ല്‍ കെഎഫ്‌സി 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചെന്നും ഇതുമൂലം സംസ്ഥാനത്തിന് പലിശയടക്കം 101 കോടി രൂപ നഷ്ടമായെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭരണനേതൃത്വത്തിന്റെ അറിവോടെ കമ്മീഷന്‍ വാങ്ങിയാണ് മുച്ചൂടും മുടിഞ്ഞ അനില്‍ അംബാനി യുടെ ആര്‍സിഎഫ്എല്ലില്‍ കെഎഫ്‌സി പണം നിക്ഷേപിച്ചത്. ഇക്കാര്യം 2018മുതല്‍ 2020വരെയുള്ള കെഎഫ്‌സിയുടെ രണ്ട് വാര്‍ഷിക റിപ്പോര്‍ട്ടില്‍ മറിച്ചുവച്ചെന്നും സതീശന്‍ പറഞ്ഞു. ആര്‍സിഎഫ്എല്‍ 2019ല്‍ പൂട്ടി. ഇതിന്റെ ഭാഗമായി കെഎഫ്‌സിക്ക് ലഭിച്ചത് 7 കോടി ഒന്‍പത് ലക്ഷം രൂപമാത്രമാണെന്നും സതീശന്‍ പറഞ്ഞു.

ഇടത്തരം ചെറുകിട സംരംഭങ്ങള്‍ക്ക് ലഭിക്കേണ്ട ഫണ്ടാണ് യാതൊരു ഉത്തരവാദിത്വവുമില്ലാതെ അനില്‍ അംബാനിയുടെ സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ചത്. ഇതിന് പിന്നില്‍ ഗുരുതരമായ സാമ്പ ത്തിക തട്ടിപ്പാണ് ഉണ്ടായത്. കമ്പനിയില്‍ നിന്ന് കമ്മീഷന്‍ വാങ്ങിയ ശേഷം ഭരണനേതൃത്വത്തിന്റെ അറിവോടെയാണ് പണം നിക്ഷേപിച്ചതെന്നും സതീശന്‍ പറഞ്ഞു. പണം നിക്ഷേപിക്കുന്നതിന് മുന്‍പ് അവരുടെ സാമ്പത്തിക അവസ്ഥയെങ്കിലും പരിശോധിക്കേണ്ടതുണ്ടായിരുന്നു. അന്നത്തെ മാധ്യമങ്ങളെല്ലാം തന്നെ അനില്‍ അംബാനിയുടെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചതാണ്. ഇതിനെ കുറിച്ച് നിയമസഭയില്‍ ചോദ്യം ചോദിച്ചിട്ടും ഇതുവരെ ധനകാര്യമന്ത്രി ഉത്തരം തന്നിട്ടില്ല.

റിലയന്‍സ് കമേഴ്‌സ് ഫിനാന്‍ഷ്യല്‍ ലിമിറ്റഡുമായി നടത്തിയ നിക്ഷേപത്തിന്റെ കരാര്‍ രേഖകള്‍ സര്‍ക്കാര്‍ പുറത്തുവിടണം. ഒരു ഗ്യാരന്റിയും ഇല്ലാതെയാണ് പണം നിക്ഷേപിച്ചത്. ഇത് അറിയാതെ പറ്റിയ അബദ്ധമല്ല. ഭരണത്തിന്റെ മറവില്‍ ഗുരുതരമായ അഴിമതിയാണ് നടന്നത്. അത് മൂടിവെക്കാനുള്ള ശ്രമം നടന്നു. അടിയന്തരമായി അന്വേഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.


Read Previous

ഹോട്ടൽ മുറികൾ, വില്ലകൾ, റെസ്റ്റ് റൂമുകൾ, റെസ്‌റ്റൊറന്റുകൾ തുടങ്ങിയ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി

Read Next

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരള ഗവർണറായി അധികാരമേറ്റു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »