മഹാരാഷ്ട്രയില്‍ പ്ലസ് ടു പാസായവര്‍ക്ക് പ്രതിമാസം 6000, ബിരുദധാരികള്‍ക്ക് 10,000 രൂപ; സര്‍ക്കാര്‍ ധനസഹായം ഒരു വര്‍ഷം


മുംബൈ: സംസ്ഥാനത്തെ വിദ്യാര്‍ഥികളെ സഹായിക്കാനും തൊഴിലില്ലായ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈഫന്റ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.

പന്ത്രണ്ടാം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 6000 രൂപയും ഡിപ്ലോമ പാസായവര്‍ക്ക് 8000 രൂപയും ബിരുദധാരികള്‍ക്ക് 10,000 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുക.

മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയാണ് സാമ്പത്തിക സഹായ വിവരം പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ ആഷാധി ഏകാദശിയുടെ ഭാഗമായി സംസാരിക്കുമ്പോഴായിരുന്നു ഏക്നാഥ് ഷിന്‍ഡെ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. ലഡ്ല ഭായ് യോജന പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം ലഭിക്കുക.

രാജ്യത്ത് ഏതെങ്കിലുമൊരു സര്‍ക്കാര്‍ ഇത്തരത്തില്‍ യുവാക്കള്‍ക്കായി ധനസഹായം നല്‍കുന്നത് ആദ്യമായാണെന്നും ഷിന്‍ഡെ പറഞ്ഞു. സാമ്പത്തിക സഹായം ഒരു വര്‍ഷം വരെയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. ഇക്കാലയളവില്‍ അവര്‍ക്ക് അപ്രന്റീസ് പരിശീലനത്തിലൂടെ പ്രവര്‍ത്തി പരിചയം നേടാനാകുമെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹന്‍ യോജന അനുസരിച്ച് 21 മുതല്‍ 60 വയസുവരെയുള്ള സ്ത്രീകള്‍ക്കും സാമ്പത്തിക സഹായമുണ്ട്. 1500 രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യമുണ്ടാകുക, സ്വാശ്രയത്വം, ആകെയുള്ള വികസനം എന്നിവയ്ക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 46,000 കോടി രൂപയാണ് ഇതിനായി മാറ്റിവയ്ക്കുക. ഈ മാസം തന്നെ പദ്ധതി നടപ്പാക്കും.

ഈ വര്‍ഷം അവസാനം മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നതിന് മുന്നില്‍ കണ്ടാണ് ഷിന്‍ഡെയുടെ പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.


Read Previous

പാരീസ് ഒളിംപിക്സില്‍ ഏഴ് മലയാളികള്‍; രാജ്യത്തെ പ്രതിനിധീകരിച്ച് 117 താരങ്ങള്‍

Read Next

ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കാന്‍ ദേശീയ കമ്പനികാര്യ ട്രൈബ്യൂണല്‍; നടപടി ബിസിസിഐയുടെ ഹര്‍ജിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »