കോവിഡ് മരണങ്ങള്‍ കൂടി, 602 പുതിയ കേസുകള്‍; രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു


രാജ്യത്ത് 602 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനു ള്ളില്‍ 5 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 5,33,366 ആയി ഉയര്‍ന്നു. 1.18% ആണ് മരണനിരക്ക്. നിലവില്‍ 4,440 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. കോവിഡ് കേസുകള്‍ ഉയരുമ്പോഴും രോഗമുക്തി നിരക്ക് 98.80% ആണ്. 4,44,76,550 പേര്‍ ഇതുവരെ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിരവധി സംസ്ഥാനങ്ങളില്‍ കണ്ടെത്തിയ ഒമൈക്രോണ്‍ സബ് വേരിയന്റ് ജെഎന്‍.1 ന്റെ ആവിര്‍ഭാവമാണ് കേസുകളുടെ സമീപകാല വര്‍ദ്ധനവിന് കാരണം. ഇന്ത്യന്‍ SARS-CoV-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം ഡാറ്റ ഡിസംബറില്‍ രേഖപ്പെടുത്തിയ മൊത്തം കേസുകളില്‍ 239 എണ്ണത്തില്‍ JN.1 വേരിയന്റിന്റെ സാന്നിധ്യമുള്ളതായി കണ്ടെത്തിയിരുന്നു. നവംബറില്‍ അത്തരം 24 കേസുകള്‍ കണ്ടെത്തി. ഒമിക്രോണിനേക്കാള്‍ തീവ്രവ്യാപന ശേഷിയുള്ളതാണ് ജെഎന്‍.1 ഉപവകഭേദം.

പുതിയ സാഹചര്യം പരിഗണിച്ച് ആശുപത്രികളില്‍ സംശയാസ്പദമായതോ പോസിറ്റീവോ ആയ കോവിഡ്-19 കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതോടൊപ്പം വാക്‌സിനേഷന്‍ നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെ 220.67 കോടി ഡോസുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ചിലയിടങ്ങളില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുകയും ഓഫീസുകളിലും പൊതു ഇടങ്ങളിലും സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ ഓഗസ്റ്റിലാണ് ജെഎൻ.1 സബ് വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎ.2.86ൽ നിന്നാണ് ഇത് രൂപപ്പെട്ടത്. 2022 ന്റെ തുടക്കത്തിൽ, ബിഎ.2.86 ആണ് കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമായത്. എന്നാൽ വലിയ വ്യാപനത്തിന് ബിഎ.2.86 കാരണമായില്ലെന്ന് പറയാം. എന്നാൽ ജെഎൻ.1-ന്റെ സ്പൈക്ക് പ്രോട്ടീനിൽ ഒരു അധിക മ്യൂട്ടേഷൻ ഉള്ളതിനാൽ ഇത് വിദഗ്ധരെ ആശങ്കയിലാക്കുന്നു. ജെഎൻ.1 ശക്തമായ പ്രതിരോധശേഷിയുള്ളവരെപ്പോലും എളുപ്പത്തിൽ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഏറ്റവും വേഗത്തിൽ വളരുന്ന വേരിയന്റായിട്ടാണ് ജെഎൻ.1നെ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) വിശേഷിപ്പിച്ചത്.


Read Previous

ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കും; വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി; കെബി ഗണേഷ് കുമാര്‍

Read Next

ഒൻപത് ടെലിസ്കോപ്പുകൾ സമ്മാനിച്ച് ഇന്ത്യൻ ബഹിരാകാശ ഒളിമ്പ്യാഡ് സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »