
മുംബൈ: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതിനെത്തുടർന്ന് രാജ്യത്ത് ഏപ്രിൽ മാസം മാത്രം തൊഴിൽ നഷ്ടപ്പെട്ടത് 75 ലക്ഷം പേർക്ക്. ഇതോടെ, രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് എട്ടു ശതമാനമായി ഉയർന്നു. കഴിഞ്ഞ നാലു മാസത്തിനിടെയുണ്ടാകുന്ന ഏറ്റവും കൂടിയ നിരക്കാണിത്.
തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ വരും മാസങ്ങളിലും രൂക്ഷമായി തുടരുമെന്നും സെന്റർ ഫോർ മോനിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഎെഇ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രണ്ടാം വ്യാപനം ചെറുക്കാൻ പ്രദേശികമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളും മറ്റുമാണ് നിരവധിപേരുടെ തൊഴിൽ നഷ്ടമാകാൻ കാരണം.
ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് 7.13 ശതമാനമാണ്. കോവിഡ് വ്യാപനം ഇനിയും രൂക്ഷമായാൽ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. പല മേഖലകളിലും അത്യാവശ്യ സേവനങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ഇതേത്തുടർന്ന് രാജ്യത്തെ സാന്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലായിരിക്കുന്നു.
എന്നാൽ, ഒന്നാം കോവിഡ് തരംഗത്തിലുണ്ടായ അത്ര തൊഴിലില്ലായ്മ പ്രശ്നങ്ങൾ ഇക്കുറിയുണ്ടാകാനിടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ തൊഴിലില്ലായ്മ 24 ശതമാനം ഉയർന്നിരുന്നു. കേന്ദ്രസർക്കാർ കണക്കുപ്രകാരം ദേശീയ തൊഴിലില്ലായ്മ നിരക്ക് 7.97 ശതമാനമാണ്. നഗര പ്രദേശങ്ങളിലാണ് കൂടുതൽ പ്രതിസന്ധി. നഗരമേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 9.78 ശതമായി ഉയർന്നു.
അതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ് മെയ് പകുതിയോടെ വന്‍ വര്‍ദ്ധന ഉണ്ടാകുമെന്ന് അമേരിക്കന്‍ ആരോഗ്യ വിദഗധര്‍ മുന്നറിയിപ്പ് നല്കുന്നു