
ടെഹ്‌റാന്‍: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍, ഈ സാഹചര്യത്തെ രാജ്യം എങ്ങനെ നേരിടണമെന്ന് ഇറാന്റെ ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട്.
ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഭരണഘടനയിലെ 130, 131 വകുപ്പുകളാണ് പദവിയിലിരിക്കെ പ്രസിഡന്റ് മരിച്ചാല്‍ എന്തുചെയ്യണമെന്ന് വിശദീകരിക്കുന്നത്. പരമോന്നത നേതാവിന്റെ അനുമതിയോടെ പ്രഥമ വൈസ് പ്രസിഡന്റിന് പ്രസിഡന്റിന്റെ ചുമതല കൈമാറുകയാണ് ആദ്യ നടപടിക്രമം. രാജ്യത്തെ ഏതുകാര്യത്തിന്റേയും അവസാനവാക്ക് പരമോന്നത നേതാവിന്റേതാണ്.
ഇതിന് ശേഷം പരമാവധി 50 ദിവസത്തിനുള്ളില്‍ പ്രഥമ വൈസ് പ്രസിഡന്റ്, പാര്‍ലമെന്റ് സ്പീക്കര്‍, നീതിന്യായവിഭാഗം മേധാവി എന്നിവരടങ്ങുന്ന സമിതി തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തും. പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതുവരെ പ്രഥമ വൈസ് പ്രസിഡന്റാണ് രാജ്യത്തെ നയിക്കുക.
ഭരണഘടന പ്രകാരം, ഇബ്രാഹിം റെയ്‌സിയുടെ മരണത്തെ തുടര്‍ന്ന് താത്കാലിക പ്രസിഡന്റാകുക നിലവിലെ പ്രഥമ വൈസ് പ്രസിഡന്റായ മുഹമ്മദ് മൊഖ്ബര്‍ (69) ആണ്. ഇദ്ദേഹത്തിന് പ്രസിഡന്റിന്റെ ചുമതല കൈമാറാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊഖ്ബർ ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയാണ് 50 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ കണ്ടെത്തുക.
കൊല്ലപ്പെട്ട ഇബ്രാഹിം റെയ്‌സി 2021-ലാണ് ഇറാന്റെ പ്രസിഡന്റായി അധികാരമേറ്റത്. 2025 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. ഇദ്ദേഹത്തിനൊപ്പമാണ് പ്രഥമ വൈസ് പ്രസിഡന്റായി മുഹമ്മദ് മൊഖ്ബറും ചുമതലയേറ്റത്. ഇറാൻ പരമോന്നത നേതാവ് അലി ഖമീനിയുമായി വളരെ അടുപ്പമുള്ള നേതാവാണ് മൊഖ്ബര്‍.