
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ പുകഴ്ത്തിക്കൊണ്ടുള്ള മ്യൂസിക് വീഡിയോ ദക്ഷിണ കൊറിയയില്‍ നിരോധിച്ചു. ഫ്രണ്ട്‌ലി ഫാദര്‍ എന്ന് പേരിട്ടിരിക്കുന്ന ഗാനം ഏപ്രില്‍ 16-നാണ് പുറത്തിറക്കിയത്. ‘മഹാനായ നേതാവ്, സ്‌നേഹസമ്പന്നനായ പിതാവ്’ എന്നീ നിലകളില്‍ കിമ്മിനെ പ്രകീര്‍ത്തിക്കുന്ന ഗാനം, ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്ന് സോളിലെ കൊറിയ കമ്മ്യൂണിക്കേഷന്‍ സ്റ്റാര്‍ഡര്‍ഡ് കമ്മീഷന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നിരോധനം. ടിക് ടോക്കിലടക്കം വലിയ തരംഗം സഷ്ടിച്ചുകൊണ്ടിരിക്കുന്ന മ്യൂസിക് വീഡോയാണിത്.
കിമ്മിന്‍റെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങളെ സ്തുതിയ്ക്കുന്നതിനെ പ്രോത്സാഹിപ്പിയ്ക്കുന്നതും പ്രചരിപ്പിയ്ക്കുന്നതും ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ നിയമത്തിന് എതിരാണ്. അത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഉത്തര കൊറിയയിലെ ഭരണകൂടത്തെ അനുകൂലിയ്ക്കുന്ന ഇടപെടലുകള്‍ക്കും പ്രസംഗങ്ങള്‍ക്കും പിഴ ചുമത്തുന്നതിനിടയിലാണ് മ്യൂസിക് വീഡിയോ ടിക് ടോകില്‍ വ്യാപകമായി പ്രചരിച്ചത്.
പട്ടാളക്കാര്‍ മുതല്‍ സ്‌കൂള്‍ കുട്ടികള്‍ വരെയുള്ള ഉത്തര കൊറിയക്കാര്‍ ഒന്നു ചേര്‍ന്ന് ”നമുക്ക് പാടാം, കിം ജോങ് ഉന്‍ മഹാനായ നേതാവ്”, ”സൗഹൃദ പിതാവായ കിം ജോങ് ഉന്നിനെക്കുറിച്ച് നമുക്ക് അഭിമാനിക്കാം” പാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കഴിഞ്ഞ 50 വര്‍ഷത്തിനിടെ വടക്കന്‍ കൊറിയയില്‍ നിന്നു പുറത്തിറങ്ങിയ പോപ് ഗാനങ്ങളുടെ നിരയില്‍ ഏറ്റവും പുതിയതാണ് ‘ഫ്രണ്ട്‌ലി ഫാദര്‍’.
നിരോധനവുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയക്കാര്‍ക്കിടയില്‍ യോജിപ്പുകളും വിയോജിപ്പുകളും ഉയര്‍ത്തിയിട്ടുണ്ട്. മ്യൂസിക് വീഡിയോ തമാശയായി ആസ്വദിയ്ക്കണമെന്നു ചിലര്‍ അഭിപ്രായപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിയ്ക്കുന്നതാണ് ദക്ഷിണ കൊറിയന്‍ സംസ്‌കാരമെന്നും അതിനോട് നീതി പുലര്‍ത്തണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ദക്ഷിണ കൊറിയയ്ക്കെതിരായ ഉള്ളടക്കമാണ് മ്യൂസിക് വിഡിയോയിലുള്ളതെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു.