രണ്ടുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി 17-കാരന്‍റെ പിതാവ്, അറസ്റ്റ് ഒഴിവാക്കാന്‍ പയറ്റിയത്, പല തന്ത്രങ്ങള്‍


പുണെ: മദ്യലഹരിയില്‍ ആഢംബര കാര്‍ അമിതവേഗത്തില്‍ ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതിയായ 17-കാരന്‍റെ പിതാവ് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിന് പല തന്ത്രങ്ങളും ഉപയോഗിച്ചെന്ന് പോലീസ്. കേസില്‍ താന്‍ പ്രതിയാകുമെന്നുറപ്പായതോടെ സ്വന്തം കാറുമായി ഡ്രൈവറോട് ഗോവയ്ക്ക് പോവാനാണ് ആദ്യം പറഞ്ഞത്. പിന്നീട് മറ്റൊരു സ്വകാര്യ വാഹനത്തില്‍ റോഡ് മാര്‍ഗം മുംബൈയ്ക്ക് പോവാന്‍ ശ്രമിച്ചു. വഴി മധ്യേ മറ്റൊരു വാഹനത്തിലും കയറി. ഇതിനിടെ പോലീസ് ട്രാക്ക് ചെയ്യാതിരിക്കാന്‍ പുതിയ സിം കാര്‍ഡ് ഉപയോഗിച്ചെന്നും പോലീസ് പറഞ്ഞു.

പ്രതിയുടെ പിതാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കാറിന്റെ ജി.പി.എസ് ട്രാക്ക് ചെയ്താണ് പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യത്തിന്റെ സഹായത്തോടെയാണ് ഏത് കാറിലാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്ന് പൂണൈ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. ശേഷം സംബാജിനഗറിലെ ഒരു ലോഡ്ജില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ലൈസന്‍സില്ലെന്ന് അറിവുണ്ടായിട്ടും മകനെ കാര്‍ ഓടിക്കാന്‍ അനുവദിച്ചെന്നും മദ്യപാന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയെന്ന കേസുമാണ് ഇയാള്‍ക്കെതിരേയുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് 17 കാരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും 15 മണിക്കൂറിനുള്ളില്‍ തന്നെ ജാമ്യം അനുവദിച്ചിരുന്നു. ഇത് വലിയ വിവാദത്തിലായതോടെയാണ് പിതാവിനെയടക്കം പോലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് പബ്ബ് മാനേജര്‍, പബ്ബ് ഉടമ, 17 കാരന്റെ പിതാവ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. പബ്ബ് അടച്ചുപൂട്ടി.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു പ്ലസ്ടു ജയിച്ചതിന്റെ ആഘോഷത്തില്‍ പബ്ബില്‍ നിന്ന് മദ്യപിച്ച് ആഡംബര കാര്‍ അമിത വേഗതിയില്‍ ഓടിച്ച് 17 കാരന്‍ കല്ല്യാണി നഗറില്‍ അപകടമുണ്ടാക്കിയത്. ബൈക്ക് യാത്രികരായ രണ്ട് യുവ എന്‍ജിനിയര്‍മാര്‍ക്കാണ് അപടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ആഡംബര കാര്‍ 200 കി.മി വേഗതയില്‍ ഓടിച്ചതാണ് അപകട കാരണമെന്നും കണ്ടെത്തിയിരുന്നു.


Read Previous

കവര്‍ച്ചയ്ക്കു ശേഷം വീട്ടമ്മയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു : പ്രതികൾക്ക് വധശിക്ഷ

Read Next

എസ്എസ്എല്‍സി ഫലം വരുന്നതിന് മുന്‍പ് നാടുവിട്ടു; വിദ്യാര്‍ഥിക്ക് ഒന്‍പത് എ പ്ലസും ഒരു എ ഗ്രേഡും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »