
അന്തംകിട്ടാതലയും ചിന്തകൾ-
അന്തിയ്ക്കെന്തോ പരതുന്നു, ഈ-
ചിത്തം ചിക്കിച്ചികയുന്നെന്നുടെ-
നിദ്രകളോടിയൊളിയ്ക്കുന്നു..
ചിരിച്ചു വന്നതിലൊക്കെ കപടത-
രുചിച്ചുനോക്കിയറിഞ്ഞപ്പോൾ,
വലിച്ചെറിഞ്ഞ കിനാവുകളിപ്പോൾ-
തുറിച്ചുനോക്കിയിരിയ്ക്കുംപോൽ..
നിറത്തിനർത്ഥം നൽകിയതറിയാ-
തെടുത്തണിഞ്ഞവരാണല്ലോ,
ദുഷിച്ച ചിന്തകളേകിയ വഴി-
കളിലെന്നും തപ്പിത്തടയുന്നു..
മാറിയ ലോകത്തോടണിചേർന്നൊരു-
മാരക വ്യാധി പടർന്നപ്പോൾ,
ഭീതിയിലാണ്ടവരോതുന്നിപ്പോൾ-
പഴമയിലേയ്ക്കു തിരിച്ചോടാം.
ഏറിയതൊന്നും വേണ്ടെന്നായ്, ഈ-
കോറിയതൊക്കെയുമേറിയതായ്,
ആകെപ്പുകയണ കാലത്തിത്തിരി-
ശ്വാസം മാത്രം മതിയെന്നായ്.
തെറ്റുകളേറ്റുപറഞ്ഞു കരഞ്ഞും-
നന്മമരത്തിനു വളമിട്ടും,
കുപ്പയിലിപ്പോൾ മാണിക്യങ്ങൾ-
മാത്രം ദർശിച്ചീടുന്നോർ,
കാലത്തിൻ കലി മാറുംവരെയിനി-
സദ്കർമ്മികളായ് തുടരേണം.
വഴിപാടായ് പല വാഗ്ദാനങ്ങളു-
മേകിക്കാര്യം നേടേണം..
ഇന്നീക്കാണും കദനമകന്നാൽ-
നാളെ പുലരി പിറന്നീടിൽ-
കണ്ടുംകൊണ്ടുമറിഞ്ഞതുമൊക്കെ,പാടേ-
യങ്ങുമറന്നീടാം,പണ്ടേപോലെ തുടർന്നീടാം….