ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കില്ല; മുന്നറിയിപ്പുമായി കുവൈറ്റ്


കുവൈറ്റ് സിറ്റി: രാജ്യത്തെ പൗരന്‍മാരും പ്രവാസികളും നിശ്ചിത സമയത്തിനകം വരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവര്‍ക്ക് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളൊന്നും ലഭിക്കില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നേരത്തേ ജൂണ്‍ ഒന്നിനകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്ന ബയോമെട്രിക് രജിസ്‌ട്രേഷന്‍ കാലാവധി പിന്നീട് ദീര്‍ഘിപ്പിച്ചിരുന്നു.

രാജ്യത്തെ പൗരന്മാര്‍ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 30ഉം പ്രവാസികള്‍ക്ക് ഡിസംബര്‍ 30ഉമാണ് പുതുക്കിയ തീയതി. ഈ തീയതിക്കു ശേഷം സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും മറ്റ് നടപടിക്രമങ്ങളും ബയോമെട്രിക് സംവിധാനത്തിലേക്ക് മാറ്റും. അതുകൊണ്ടുതന്നെ വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഫീസുകള്‍ അടയ്ക്കല്‍, വിസ പുതുക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകാത്തി സ്ഥിതിയുണ്ടാവുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പേഴ്‌സണ്ല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലെ ക്രിമിനല്‍ എവിഡന്‍സിന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകളിലും ബയോമെട്രിക് വിരലടയാളം രേഖപ്പെടത്തു ന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള ഔദ്യോഗിക സ്ഥലങ്ങളും സമയവും മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ബയോമെട്രിക് രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ സഹല്‍ ആപ്ല് വഴിയും അപ്പോയിന്റ്‌മെന്റ് ബോക്‌സിലൂടെയും മെറ്റ പ്ലാറ്റ്ഫോമിന്റെ വെബ്സൈറ്റ് വഴിയും അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാതെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളിലെത്തിയാല്‍ അവര്‍ക്ക് അതിന് അവസരം ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷയും നിയമവാഴ്ചയും ശക്തിപ്പെടുത്തുകയും ഭരണപ്രവര്‍ത്ത നങ്ങള്‍ കാര്യക്ഷമമാക്കുകുയം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കുവൈറ്റിലെ മുഴുവന്‍ പൗരന്‍മാരുടെയും പ്രവാസികളുടെയും വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇത് സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങള്‍ അര്‍ഹരായവരിലേക്ക് എത്തിക്കുന്നതിനും കുറ്റകൃത്യങ്ങളും തട്ടിപ്പുകള്‍ തടയുന്നതിനും കൂടുതല്‍ എളുപ്പമാവും. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ട് കുവൈറ്റില്‍ നിന്ന് പുറത്താക്കപ്പെടുന്ന പ്രവാസികള്‍, വ്യാജ രേഖകള്‍ ഉപയോഗിച്ച് അനധികൃതമായി രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നത് തടയുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.


Read Previous

സൗദിയില്‍ വില്‍ക്കുന്ന അറവ് മാംസങ്ങളില്‍ മാരക വിഷാംശമെന്ന് പ്രചാരണം; എന്താണ് യാഥാര്‍ഥ്യം

Read Next

കരുണാകരന്‍ സ്മാരകം: ഇനി വൈകില്ലെന്ന് കോൺഗ്രസ്; ധനസമാഹരണം ഊർജ്ജിതമാക്കുന്നു; ഫണ്ട് സമാഹരണത്തിനായി കെ സുധാകരനും കെ മുരളീധരനും ജില്ലകള്‍ സന്ദര്‍ശിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »