ഭൂമിയോളം വലിപ്പമുള്ള ഗ്രഹം കണ്ടെത്തി


വാസയോഗ്യമാവാന്‍ സാധ്യതയുള്ള ഗ്രഹത്തെ കണ്ടെത്തി ഗവേഷക സംഘങ്ങള്‍. ഭൂമിയേക്കാള്‍ അൽപം ചെറുതും എന്നാല്‍ ശുക്രനേക്കാള്‍ വലുതുമായ ഗ്രഹത്തെയാണ് കണ്ടെത്തിയത്. ഗ്ലീസ് 12 ബി ( Gliese 12b) എന്നാണ് ഇതിന് പേര്. മീനം നക്ഷത്ര രാശിയിലുള്ള ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്ന ഗ്രഹമാണിത്. സൂര്യന്റെ 27 ശതമാനം മാത്രം വലിപ്പവും 60 ശതമാനം മാത്രം താപവും മാത്രമാണ് ഈ നക്ഷത്രത്തിനുള്ളത്. 12.8 ദിവസം കൊണ്ടാണ് ഗ്ലീസ് 12ബി ഈ നക്ഷത്രത്തെ ചുറ്റിവരുന്നത്.

സൂര്യനേക്കാള്‍ ചെറിയ നക്ഷത്രത്തെയാണ് ചുറ്റുന്നതെങ്കിലും ജലത്തിന് നിലനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥാനത്താണ് ഗ്ലീസ് 12ബി സ്ഥിതി ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിന് അന്തരീക്ഷമില്ലെന്നാണ് ഗവേഷകരുടെ അനുമാനം. ഉപരിതല താപനില 47 ഡിഗ്രി സെല്‍ഷ്യസ് ആണ്.

നാസയുടെ ട്രാന്‍സിറ്റിങ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ശേഖരിച്ച വിവരങ്ങള്‍ പരിശോധിച്ചാണ് ശാസ്ത്രജ്ഞര്‍ ഗ്ലീസ് 12ബിയെ കണ്ടെത്തിയത്. ഗ്രഹങ്ങള്‍ പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ വലിയ രീതിയില്‍ ഈ നക്ഷത്രങ്ങള്‍ മങ്ങുന്നതിനാല്‍ ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെ കണ്ടെത്തുന്നത് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് എളുപ്പമാണ്.

നിലവില്‍ അന്തരീക്ഷം എങ്ങനെയാണുള്ളതെന്നോ അന്തരീക്ഷം ഉണ്ടോ എന്നും ജലം അവിടെ ഉണ്ടോ എന്നും ശാസ്ത്രജ്ഞര്‍ക്ക് ഉറപ്പില്ലെന്ന് ജലം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ഥിയായ ലാരിസ പാലതോര്‍പ്പ് പറഞ്ഞു.

‘അവിടെ വെള്ളം ഉണ്ടാകാനിടയില്ല. കാരണം ഈ ഗ്രഹത്തില്‍ നേരത്തെ തന്നെ ഒരു ഹരിതഗൃഹ പ്രഭാവം നടന്നിട്ടുണ്ട്. നിലവില്‍ ഇത് ശുക്രനെ പോലെയാണ്.’ ലാരിസ പറഞ്ഞു. ഭൂമിയെ പോലെ ആയിരുന്നുവെങ്കില്‍ അവിടെ വെള്ളം ഉണ്ടാകുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ജെയിംസ് വെബ്ബ് ദൂരദര്‍ശിനി ഉപയോഗിച്ച് ഗ്ലീസ് 12ബി ഗ്രഹത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. ഇതോടെ ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കും.

സൗരയൂഥത്തില്‍ അടുത്തടുത്ത ഗ്രഹങ്ങളായിട്ടും ഭൂമി വാസയോഗ്യമാവുകയും ശുക്രന്‍ അങ്ങനെ അല്ലാതാവുകയും ചെയ്തത് എങ്ങനെയെന്ന് പഠിക്കാന്‍ ഗ്ലീസ് 12ബിയെ കുറിച്ചുള്ള പഠനങ്ങള്‍ സഹായിച്ചേക്കും.

ഈ ഗ്രഹം വാസയോഗ്യമായിരിക്കാമെങ്കിലും ജ്യോതിശാസ്ത്രപരമായി സൗരയൂഥത്തിന് അടുത്താണെന്ന് പറയാമെങ്കിലും മനുഷ്യന് ഇവിടേക്ക് എത്തിച്ചേരാനാവില്ല. കാരണം ഇന്ന് നിലവിലുള്ള ഏറ്റവും വേഗമേറിയ ബഹിരാകാശ പേടകത്തില്‍ യാത്ര ചെയ്താല്‍ പോലും 225000 വര്‍ഷങ്ങള്‍ യാത്ര ചെയ്താലേ ഗ്ലീസ് 12ബിയില്‍ എത്താനാവൂ.


Read Previous

പെരിയാറില്‍ രാസമാലിന്യം കണ്ടെത്തിയില്ല; മത്സ്യക്കുരുതിക്ക് കാരണം ഓക്‌സിജന്‍ ലെവല്‍ താഴ്ന്നത്; റിപ്പോര്‍ട്ട് കൈമാറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാരിസ്ഥിതിക എഞ്ചിനീയ‍റെ സ്ഥലം മാറ്റി.

Read Next

ചില്ലവെട്ടാന്‍ വേപ്പുമരത്തില്‍ കയറി; തൊഴിലാളി ഷോക്കേറ്റു മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »