
നായ്ക്കൾക്ക് മുൻഗണന നൽകുന്ന ലോകത്തിലെ വിമാനയാത്ര സൗകര്യമാണ് ബാര്‍ക് എയര്‍. ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ വിമാനത്തിൽ ഏത് ഇനത്തിലും എത്ര വലുപ്പത്തിലും ഉള്ള നായ്ക്കൾക്കും കയറാം എന്നതാണ്.
നായ പ്രേമികളുടെ ശ്രദ്ധയ്ക്ക്, ഇനി നിങ്ങളുടെ പ്രിയപ്പെട്ട നായകളുമായി ഒരുമിച്ച് വിമാന യാത്ര ചെയ്യാം. നായ്ക്കൾക്കും അവയുടെ ഉടമകൾക്കും ഒരുമിച്ച് യാത്ര ചെയ്യാനുള്ള അവസരം വാഗ്ദാനം ചെയ്തു കൊണ്ട് പുതിയ എയർലൈനായ ബാര്‍ക് എയര്‍ (BARK Air) പ്രവർത്തനം ആരംഭിച്ചു.
നായ്ക്കളുടെ കളിപ്പാട്ട കമ്പനിയായ ബാര്‍ക്ക് ആരംഭിച്ച ബാര്‍ക്ക് എയര്‍, എല്ലാ വലുപ്പത്തിലുമുള്ള നായ്ക്കൾക്കും അവയുടെ ഉടമകൾക്കും വേണ്ടിയുള്ള ആഡംബര എയർലൈനാണ്. ന്യൂയോർക്കിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് വ്യാഴാഴ്ച പുറപ്പെട്ട എയർലൈനിന്‍റെ ആദ്യ യാത്രയുടെ വിശദാംശങ്ങൾ ബാര്‍ക്ക് എയര്‍ തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
എയർലൈൻസിന്‍റെ വാർത്ത കുറിപ്പ് പ്രകാരം ഈ വിമാനത്തിൽ മനുഷ്യരെക്കാൾ പരിഗണന നായ്ക്കൾക്കായിരിക്കും ലഭിക്കുക. അതുകൊണ്ട് തന്നെ നായ്ക്കളെ ഈ വിമാനത്തിൽ ഒരു ചരക്കായോ (goods) ഭാരമായോ ആരും കരുതില്ല. നായ്ക്കൾക്കും അവയുടെ ഉടമകൾക്കും സുഖമായി യാത്ര ചെയ്യുന്നതിനുള്ള എല്ലാ സൗകര്യവും എയർലൈൻ ഒരുക്കിയിട്ടുണ്ട്. 10 വർഷം എടുത്താണ് ഇത്തരത്തിലൊരു സ്വപ്നം യാഥാർത്ഥ്യമാക്കിയതെന്നാണ് എയർലൈൻ അധികൃതർ പറയുന്നത്.