കീം പരീക്ഷ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനില്‍; ജൂണ്‍ അഞ്ചിന് തുടക്കം; ദുബായ് അടക്കം 198 കേന്ദ്രങ്ങള്‍; 1,13,447 വിദ്യാര്‍ഥികള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് കീം എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനായി നടത്തും. ജൂണ്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍, സ്വാശ്രയ, സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും ഡല്‍ഹിയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലും മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക. 1,13,447 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും.

സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ് ഓണ്‍ലൈന്‍ പരീക്ഷയ്ക്കായുള്ള സോഫ്ട് വെയര്‍ വികസിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്ട് വെയറും അനുബന്ധ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും വിലയിരുത്താന്‍ മെയ് 24ന് മോക്ക് ടെസ്റ്റും 25ന് ട്രയല്‍ പരീക്ഷയും പൂര്‍ത്തിയാക്കി. ഏതെങ്കിലും സാഹചര്യത്തില്‍ ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്ക്കേണ്ടി വന്നാല്‍ ആ പരീക്ഷ ജൂണ്‍ 10 ന് നടത്തുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഒരു ദിവസം പരമാവധി 18,993 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു പരീക്ഷാ കേന്ദ്രത്തില്‍ ഒരേ സമയം പരമാവധി 126 കുട്ടികള്‍ക്ക് വരെ പരീക്ഷ എഴുതാം. എല്ലാ കേന്ദ്രങ്ങളിലും കരുതല്‍ കമ്പ്യൂട്ടറുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റില്‍ പരീക്ഷ നടത്തിപ്പിനായി പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.

ജില്ലാ തലങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. നോഡല്‍ ഓഫീസര്‍ക്കായിരിക്കും ജില്ലകളിലെ മേല്‍നോട്ട ചുമതല. 130 കേന്ദ്രങ്ങളിലും പ്രത്യേക കോര്‍ഡിനേറ്റര്‍മാരും നിരീക്ഷകരും ഉണ്ടായിരിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെ സെര്‍വറുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ചുമതല ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടിനായിരിക്കും.

ദുബായ് കേന്ദ്രത്തില്‍ ജൂണ്‍ ആറിനും മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുള്ള മറ്റ് കേന്ദ്രങ്ങളിലെല്ലാം ജൂണ്‍ അഞ്ചിന് തന്നെയും പരീക്ഷ തുടങ്ങും. ബിഫാം പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ ജൂണ്‍ ആറിന് ഉച്ചയ്ക്ക് ശേഷം 3.30 മുതല്‍ അഞ്ച് മണി വരെ നടക്കും.

സാങ്കേതിക കാരണത്താല്‍ ഏതെങ്കിലും കേന്ദ്രത്തില്‍ പരീക്ഷ തുടങ്ങാന്‍ വൈകിയാല്‍ പരീക്ഷാ സമയം അതനുസരിച്ച് പുനക്രമീകരിക്കും. മഴയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും യുപിഎസ് ബാക്ക്-അപ്പും ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ഥികള്‍ രാവിലെ 7.30 ന് പരീക്ഷാ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ബയോമെട്രിക് വിവരങ്ങള്‍ നല്‍കണം. 9.30 ന് ശേഷം പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കില്ല. രാവിലെ 9.45 ന് വിദ്യാര്‍ഥികളുടെ ലോഗിന്‍ വിന്‍ഡോയില്‍ 15 മിനുട്ടുള്ള മോക്ക് ടെസ്റ്റ് തുടങ്ങും. ടൈമര്‍ സീറോയില്‍ എത്തുമ്പോള്‍ പരീക്ഷ ആരംഭിക്കും.

ബി ഫാം പ്രവേശനത്തിനുള്ള വിദ്യാര്‍ഥികള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്‍ഡ് ക്യാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലഭ്യമായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം അഡ്മിറ്റ് കാര്‍ഡില്‍ പരമാര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൂടി നിര്‍ബന്ധമായും ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ http://www.cee.kerala.gov.inഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ് ലൈന്‍: 0471-2525300.


Read Previous

ഇന്ത്യ മുന്നണിയുടെ പ്രതി മാസം 8500 രൂപ വാഗ്ദാനം; അക്കൗണ്ട് തുറക്കാന്‍ പോസ്‌റ്റോഫീസുകളില്‍ സ്ത്രീകളുടെ തിരക്ക്

Read Next

വീണയ്‌ക്കെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണം: വി.ഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »