
റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന്റെ അവസാന ഘട്ടമായ അനുരഞ്ജന കരാറിൽ അനന്തരാവകാശികൾ ഒപ്പ് വെച്ചു. ഇന്ന് രാവിലെ യാണ് ഇരുവിഭാഗവും ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥർ സാക്ഷിയായി കരാറിൽ ഒപ്പ് വെച്ചത്. എംബസി ഉദ്യോഗസ്ഥർക്കൊപ്പം റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും ഗവർണറേറ്റിൽ എത്തിയിരുന്നു.
ദിയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്കും ഗവർണറേറ്റിന് കൈമാറി. അനുരഞ്ജന കരാറെന്ന സുപ്രധാന നടപടി പൂർത്തിയായതോടെ വക്കീനുള്ള ചെക്ക് സഹായ സമിതി ചെയർമാൻ സി പി മുസ്തഫയും കൈമാറി.ഇതോടെ അബ്ദുൽ റഹീം കേസിലെ പുറത്ത് നിന്നുള്ള എല്ലാ നടപടിക്രമങ്ങളും അവസാനിച്ചതായി സഹായ സമിതി അറിയിച്ചു. പത്ത് ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയായാല്‍ ബലി പെരുന്നാളിന് മുമ്പ് അബ്ദുറഹീമിന് ജയില്‍ മോചനം സാധ്യമാകും.
2006 നവംബര്‍ 28നാണ് സൗദി പൗരന്റെ മകന്‍ അനസ് അല്‍ശഹ്‌റി കൊല്ലപ്പെടുന്നത്. ഡിസംബറില്‍ അബ്ദുറഹീമിനെ മലസ് ജയിലിലേക്ക് മാറ്റി. 2011ലാണ് നിയമപോരാട്ടം തുടങ്ങിയത്. 2011 ഫെബ്രുവരി രണ്ടാം തിയതി റിയാദ് ജനറല്‍ കോടതി റഹിമിന് വധശിക്ഷ വിധിച്ചു. റഹീം നിയമസഹായസമിതി എംബസിയുമായി സഹകരിച്ച് വിധിക്കെതിരെ അപ്പീല്‍ പോയി. 2017 നവംബര്‍ ഒന്നിന് അബ്ദുറഹീമിന്റെ അപ്പീല്‍ സ്വീകരിച്ച് അനുകൂല വിധി വന്നു. അതിന്റെയടിസ്ഥാനത്തില്‍ ജനറല്‍ കോടതിയുടെ ഭൂരിപക്ഷ ബെഞ്ച് വധശിക്ഷ റദ്ദ് ചെയ്തു. ഈ വിധിക്കെതിരെ വാദിഭാഗം റിയാദ് ക്രിമിനല്‍ കോടതിയില്‍ അപ്പീല്‍ പോയതിന്റെ ഫലമായി റിയാദ് ക്രമിനല്‍ കോടതി പ്രസ്തുത വിധി സ്റ്റേ ചെയ്തു.

വാദി ഭാഗത്തിന്റെ അപ്പീല്‍ പരിഗണിച്ച് 2019 ഒക്ടോബര്‍ 31ന് അബ്ദുറഹീമിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള റിയാദ് ക്രിമിനല്‍ കോടതിയിലെ ഭൂരിപക്ഷ ബെഞ്ചി ന്റെ വിധി വന്നു. അതിനെതിരെ റഹീം നിയമസഹായ സമിതിയും എംബസിയും റിയാദ് അപ്പീല്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. 2020 ജനുവരി 21ന് അപ്പീലില്‍ വിചാരണ തുടങ്ങുകയും 2021 നവംബര്‍ പതിനേഴിന് കോടതി അപ്പീല്‍ തള്ളുകയും വധശിക്ഷ ശരിവെച്ച് റഹീമിന് എതിരായി വിധി പ്രസ്താവിക്കുകയും ചെയ്തു.