ഫാ. സ്റ്റാന്‍ സ്വാമിയെ പോലെ ഹേമന്ത് സോറനും ജയിലില്‍ പീഡിപ്പിക്കപ്പെടുന്നു; ആരോപണവുമായി ഭാര്യ കല്‍പന സോറന്‍


റാഞ്ചി: ചികിത്സ ലഭിക്കാതെ ജയിലില്‍ മരണത്തിന് കീഴടങ്ങിയ ഫാ. സ്റ്റാന്‍ സ്വാമിയെ പോലെ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനും പീഡിപ്പിക്കപ്പെടുകയാണെന്ന് ഭാര്യ കല്‍പന സോറന്‍. ഹേമന്ത് സോറന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെയാണ് കല്‍പന ആശങ്കയറിയിച്ചത്.

ആദിവാസികളുടെ അവകാശങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തിലേക്ക് നയിച്ച അതേ പീഡനമാണ് ജയിലില്‍ കഴിയുന്ന ഹേമന്ത് സോറനും നേരിടുന്നതെന്ന്‌ഫെയ്‌സ് ബുക്ക് അക്കൗണ്ടിലെ കുറിപ്പില്‍ പറയുന്നു.

ഇന്ന് ഓരോ ജാര്‍ഖണ്ഡുകാരനും ഹേമന്ത് സോറന് അനുകൂലമായി നില്‍ക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ജാര്‍ഖണ്ഡിനെ മറ്റൊരു മണിപ്പൂര്‍ ആക്കാനുള്ള ശ്രമം അവര്‍ അവസാനിപ്പിക്കില്ലെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

എതിര്‍ ശബ്ദങ്ങളെയും ആദിവാസികളേയും അടിച്ചമര്‍ത്തുകയും തീവ്രവാദ ചാപ്പ കുത്തി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്യുന്ന ബിജെപി നയത്തിന്റെ ഉദാഹരണമാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണമെന്നും പോസ്റ്റില്‍ വിശദമാക്കുന്നു. ’84കാരനായ ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ അവസ്ഥ ഇന്ത്യയുടെ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും മേല്‍ വീണ ഒരു കറുത്ത പാടാണ്.

പതിറ്റാണ്ടുകളായി ആദിവാസികളുടെ അവകാശങ്ങള്‍ക്കായി വാദിക്കുകയും പോരാടുകയും ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിക്ക് പാര്‍ക്കിന്‍സണ്‍സ് രോഗവും പ്രായാധിക്യവും ഉണ്ടായിരുന്നിട്ടും ബിജെപി സര്‍ക്കാര്‍ ചുമത്തിയ വ്യാജ തീവ്രവാദ ആരോപണങ്ങളാല്‍ അദേഹത്തിന് ജാമ്യവും ചികിത്സയും നിഷേധിക്കപ്പെട്ടു. 25 പൈസയുടെ സ്‌ട്രോ പോലും വെള്ളം കുടിക്കാന്‍ നല്‍കിയില്ല’- പോസ്റ്റില്‍ പറയുന്നു.

ഭീമ കൊറേഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്ന വൈദികനും മനുഷ്യവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമി (84) 2021 ജൂലൈ അഞ്ചിനാണ് അന്തരിച്ചത്. സ്റ്റാന്‍ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപി ച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി എന്‍ഐഎ അറസ്റ്റ് ചെയ്തത്. 2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് കലാപക്കേസില്‍ ഗൂഢാലോചന ആരോപിച്ചായിരുന്നു അറസ്റ്റ്.

നാഡീവ്യൂഹത്തെ ബാധിക്കുന്ന പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ അദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലില്‍ വച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. കൈവിറയല്‍ ഉള്ളതിനാല്‍ വെള്ളം കുടിക്കാന്‍ സ്‌ട്രോ അനുവദിക്കണമെന്ന ഫാ. സ്റ്റാന്‍ സാമിയുടെ അപേക്ഷ പോലും എന്‍ഐഎയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരിഗണിക്കുന്നത് കോടതി വൈകിച്ചു.

നില വഷളായതിനെ തുടര്‍ന്ന് ഒടുവില്‍ ചികിത്സക്കായി ജാമ്യം ലഭിച്ച അദേഹം മുംബൈ ഹോളി ഫെയ്ത്ത്? ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്. അഞ്ച് പതിറ്റാണ്ട് ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ആളാണ് ഫാ. സ്റ്റാന്‍ സ്വാമി.

ജസ്യൂട്ട് സഭയില്‍പെട്ട അദേഹം മറ്റ് മന്യഷ്യാവകാശ പ്രശ്‌നങ്ങളിലും ഇടപെട്ടിരുന്നു. ഭീമ കൊറേഗാവ് സംഭവത്തിന് തലേ ദിവസം നടന്ന ഏകതാ പരിഷത്തിന്റെ യോഗത്തില്‍ വച്ചാണ് ഗൂഢാലോചന നടന്നതെന്നും അതില്‍ ഫാ. സ്റ്റാന്‍ സ്വാമിക്ക് പങ്കുണ്ടെന്നുമായിരുന്നു എന്‍ഐഎയുടെ ആരോപണം.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ഹേമന്ത് സോറന് മെയ് 17 ന് സുപ്രിം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചി രുന്നു. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ ഇ.ഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജനുവരിയിലാണ് സോറനെ ഇഡി അറസ്റ്റ് ചെയ്തത്.


Read Previous

യുഎഇയും ഒപെക് പ്ലസ്സുമായുള്ള പ്രശ്‌നങ്ങൾ നേരത്തേ പരിഹരിച്ചത്; 2025 മുതൽ എണ്ണ ഉത്പാദനം കൂട്ടുമെന്ന് സൗദി ഊർജ മന്ത്രി

Read Next

വോട്ടര്‍മാര്‍ നല്‍കിയ സന്ദേശം, എല്ലാവരും മനസിലാക്കിയെന്ന് കരുതുന്നു; വെങ്കയ്യ നായിഡു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »