ബെല്ലടിച്ചിട്ടും ബസ് നിര്‍ത്തിയില്ല; ഡ്രൈവറെ ആക്രമിച്ച് യാത്രക്കാരന്‍, ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്


തിരുവമ്പാടി (കോഴിക്കോട്): വീടിനു മുമ്പിലെത്തിയപ്പോള്‍ ബെല്ലടിച്ചിട്ടും ബസ് നിര്‍ത്താത്തതില്‍ യാത്രക്കാരന്‍ അരിശം തീര്‍ത്തത് ഡ്രൈവറുടെ കഴുത്തിനു പിടിച്ച്. അപ്രതീക്ഷിത ആക്രമണത്തില്‍ ഡ്രൈവര്‍ പതറിപ്പോയപ്പോള്‍ ബസ് റോഡില്‍നിന്ന് അഞ്ചുമീറ്റര്‍ ദൂരത്തില്‍ തെന്നിമാറി. നിരപ്പായ സ്ഥലമായതിനാല്‍മാത്രമാണ് ദുരന്തമൊഴിവായത്.

തിരുവമ്പാടി-കക്കാടംപൊയില്‍ റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൂടരഞ്ഞി മാങ്കയത്താണ് സംഭവം. മര്‍ദനമേറ്റ ഡ്രൈവര്‍ കക്കാടംപൊയില്‍ കുന്നുംവാഴപ്പുറത്ത് പ്രകാശനെ (43) മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മാങ്കയം ഉഴുന്നാലില്‍ അബ്രഹാമി(70)ന്റെ പേരില്‍ തിരുവമ്പാടി പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. ബസ് യാത്രക്കാരന്‍ സ്റ്റോപ്പ് കഴിഞ്ഞതിനുശേഷമാണ് സ്വയം ബെല്ലടിച്ചതെന്നും വളവ് തിരിവുകളുള്ള വീതികുറഞ്ഞ ഇടമായതും എതിരേ ടിപ്പറുകള്‍ കടന്നുവന്നതും കാരണമാണ് നിര്‍ത്താന്‍ പറ്റാതിരുന്നതെന്നും ഡ്രൈവര്‍ പറഞ്ഞു.

ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബഹളംവെക്കുകയൊന്നും ചെയ്യാതെ അക്രമിയുടെ പൊടുന്നനെയുള്ള കൈയേറ്റം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും പിറകുവശത്തിലൂടെയുള്ള പിടിവലി വലിയ മാനസികാഘാതം ഉണ്ടാക്കിയതായും ഡ്രൈവര്‍ പറഞ്ഞു.

ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്. പട്രോളിങ്ങിനിടെ യാദൃച്ഛികമായി ഉടന്‍ പോലീസ് അതുവഴി എത്തിയെങ്കിലും അക്രമി രക്ഷപ്പെടുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി. തിരുവമ്പാടി ഓപ്പറേറ്റിങ് സെന്ററിലെ ബസാണിത്. കെ.എസ്.ആര്‍.ടി.സി. ബസുകള്‍മാത്രമേ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുള്ളൂ.


Read Previous

പിണറായി,കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രി, വി. മുരളീധരൻ

Read Next

പ്ലസ്ടു വിദ്യാര്‍ഥികളുടെ മരണം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും പിഴയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »