
തിരുവനന്തപുരം: 39 സെക്കന്‍ഡില്‍ പൂര്‍ത്തിയായ പുസ്തകപ്രകാശനച്ചടങ്ങ്. വ്യാഴാഴ്ച നെയ്യാര്‍ഡാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വരാന്തയിലായിരുന്നു ചടങ്ങ്. സ്കൂളിലെ താത്കാലിക ശുചീകരണത്തൊഴിലാളിയായ വി. ഗീതയ്ക്ക് നല്‍കിയായിരുന്നു പ്രകാശനം. സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം അധ്യാപകനായ കെ.എസ്. രതീഷിന്റെ എല്ലാ പുസ്തകങ്ങളുടെയും പ്രകാശനം ഇതേ ലാളിത്യത്തോടെയായിരുന്നു.
മാതൃഭൂമി ബുക്സ്’ പ്രസിദ്ധീകരിച്ച ‘ഹിറ്റ്ലറും തോറ്റകുട്ടിയും’ പ്രകാശനം ചെയ്തത് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ തടവുകാരനാണ്. ‘തന്തക്കിണര്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തത് കിണര്‍വെട്ടുകാരനായ രാജനാണ്. ‘കേരളോത്പ്പത്തി’ സ്വന്തം അമ്മ സുമംഗലയും, ‘പെണ്ണുചത്തവന്റെ പതിനേഴാം ദിവസം’ ഭാര്യ എച്ച്.എ. ബിബിഹയുമായിരുന്നു പ്രകാശനം ചെയ്തത്.
മറ്റ് പുസ്തകങ്ങള്‍ നിലമ്പൂരിലെ ആദിവാസിമൂപ്പനും അഗതിമന്ദിരത്തിലെ അമ്മയും ആലപ്പാട് സമരസമിതിയിലെ മത്സ്യത്തൊഴിലാളിയും കൊല്ലത്തെ കശുവണ്ടിത്തൊഴിലാളിയുമാണ് പുറത്തിറക്കിയത്.
രതീഷ് അധ്യാപകനാണെന്നു മാത്രമേ ഗീതയ്ക്ക് അറിയൂ. കഥകള്‍ എഴുതുന്ന ആളാണെന്നോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നോ അറിയില്ല. ആ നിഷ്കളങ്കതയും സത്യസന്ധതയുമാണ് പ്രകാശനത്തില്‍ കണ്ടതെന്ന് കെ.എസ്. രതീഷ് പറഞ്ഞു.
ചെറുകഥാസമാഹാരമായ ‘മാള’ത്തിലെ ഒരു കഥാപാത്രത്തിനു ഗീതയുടെ സ്വഭാവമാണ്. വിദ്യാര്‍ഥികളോടും അധ്യാപകരോടും ജനാലയോടും വാതിലിനോടും വരാന്തയോടുമെല്ലാം സ്നേഹപൂര്‍വം കലഹിച്ചുനടക്കുന്ന ഒരാള്‍. ഗീതയുടെ ആണ്‍പതിപ്പാണ് പുസ്തകത്തിലെ ലാസര്‍ എന്ന കഥാപാത്രം.