തൃശൂർ ലോകസഭാ മണ്ഡലത്തിൽ നിന്ന് ബിജെപി പ്രതിനിധിയായി ചരിത്രവിജയം നേടിയ സുരേഷ് ഗോപി കേന്ദ്രമന്ത്രി പഥത്തിലെത്തുമ്പോൾ പുതിയൊരു ചരിത്രം കൂടിയാണ് രചിക്കപ്പെടുന്നത്. അറുപത്തിയാറുകാരനായ സുരേഷ് ഗോപി. 1965-ൽ ഏഴാമത്തെ വയസിൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്‌ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.

തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് നിന്നും സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. പഠനകാലത്ത് സൈലൻ്റ് വാലി ജലസേചന പദ്ധതിക്കെതിരായ സമരത്തിൽ പങ്കെടുത്തതാണ് തന്നെ സാമൂഹ്യ പ്രവർത്തനങ്ങളിൽ തല്‍പരനാക്കിയതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി യിട്ടുണ്ട്. കോളജ് വിദ്യാർഥിയായിരിക്കെ എസ്എഫ്ഐക്കാരനായിരുന്ന സുരേഷ് സംഘടനയുടെ നിലപാടുകളിൽ വിയോജിപ്പ് പ്രകടിപ്പിച്ചാണ് എസ്എഫ്ഐ വിട്ടത്. എസ്എഫ്ഐയിൽ പുറത്തുപോന്ന ശേഷം സംഘടനക്കെതിരെ മത്സരിച്ച് വിജയം നേടിയതും അദ്ദേഹത്തിൻ്റെ രാഷ്‌ട്രീയ നിലപാടുകളെ വലിയ രീതിയിയിൽ സ്വാധീനിച്ച സംഭവമായിരുന്നു.
സൈലൻ്റ് വാലിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് കത്തെഴുതുകയും, പ്രധാനമന്ത്രി ആ കത്തിന്മറുപടി അയക്കുകയും ചെയ്‌തിരുന്നു. കോളേജ് വിദ്യാഭ്യാസകാലത്തു തന്നെ തൻ്റെ സാമൂഹ്യമായ ഉത്തരവാദിത്വത്തെ കുറിച്ചുള്ള ബോധ്യമുള്ള വ്യക്തി കൂടിയായിരു അദ്ദേഹം.
പഠനത്തിന് ശേഷം 1984-ൽ നിരപരാധി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചാണ് അഭിനയ രംഗത്ത് സജീവമായത്. 1986-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത് മോഹൻലാൽ നായകനായി അഭിനയിച്ച ടി പി ബാലഗോപാലൻ എം എ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ചു. 1986-ൽ രാജാവിൻ്റെ മകൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് മലയാളത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
1986 ൽ പുറത്തിറങ്ങിയ പൂവിന് പുതിയ പൂന്തെന്നൽ സായംസന്ധ്യ എന്നീ സിനിമകളിൽ വില്ലൻ വേഷങ്ങളിലും സുരേഷ് ഗോപി മികവ് തെളിയിച്ചു. എന്നാൽ 1987-ൽ റിലീസായ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ വില്ലൻ വേഷമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തെ ഏറെ സ്വാധീനിച്ചത്. പിന്നീട് നിരവധി സിനിമകളിൽ വില്ലനായും നായക പ്രാധാന്യമുള്ള വേഷങ്ങളിലും അഭിനയിച്ചു. അങ്ങനെ സുരേഷ് ഗോപി മലയാള സിനിമയിൽ തിരക്കുള്ള നടനായി മാറി.
1990-കളുടെ തുടക്കം മുതലാണ് സുരേഷ് ഗോപി നായകനായി അഭിനയിക്കാൻ തുടങ്ങിയത്. ഷാജി കൈലാസ് സംവിധാനം ചെയ്‌ത് സുരേഷ് ഗോപി നായകനായിട്ട് അഭിനയിച്ച തലസ്ഥാനം വൻ വിജയം നേടിയതോടെയാണ് സുരേഷ് ഗോപി നായക പദവിയിലേക്ക് ഉയർന്നത്. പിന്നീട് ഷാജി കൈലാസ്-രഞ്ജി പണിക്കർ-സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം ഹിറ്റായിരുന്നു. ഏകലവ്യൻ, മാഫിയ, കമ്മീഷണർ എന്നീ സിനിമകൾ ഈ കൂട്ടുകെട്ടിൽ വൻ വിജയം നേടിയവയാണ്.
കമ്മീഷണർ സിനിമയുടെ വിജയത്തോടെയാണ് സുരേഷ് ഗോപിയുടെ നായക മൂല്യം കുതിച്ചുയർന്നത്. പൊലീസ് വേഷങ്ങളിലുള്ള സുരേഷ് ഗോപിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു പ്രേക്ഷകർക്കിടയിൽ നടനെന്ന നിലയിൽ വലിയ സ്വാധീനം സൃഷ്‌ടിച്ചത്. ഈ സിനിമകളിലെ പഞ്ച് ഡയലോഗുകൾ മലയാളിയുടെ ജീവിതത്തിൻ്റെ കൂടി ഭാഗമായി മാറുകയായിരുന്നു
1997-ൽ ജയരാജ് സംവിധാനം ചെയ്‌ത കളിയാട്ടത്തിലെ പെരുമലയൻ എന്ന കഥാപാത്രം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു. ആ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സുരേഷ് ഗോപിക്ക് ലഭിച്ചു.
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഇതുവരെ ഏകദേശം 250 ൽ പരം സിനിമകളിൽ അഭിനയിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബിജെപി മന്ത്രി സഭ അധികാരത്തിൽ വന്നതോടെയാണ് മോദിക്കു പിന്തുണ നൽകുന്ന പ്രസ്‌താവനകളുമായി സുരേഷ് ഗോപി രംഗത്തെത്തിയത്. ഇതേ തുടർന്ന് രാഷ്‌ട്രീയ എതിരാളികളിൽ നിന്നുള്ള വലിയ വിമർശനങ്ങളും അദ്ദേഹം കേട്ടിരുന്നു.
പിന്നീട് ബിജെപി അംഗത്വമുൾപ്പടെ സ്വീകരിച്ച് സജീവ രാഷ്‌ട്രീയക്കാരനായി അദ്ദേഹം മാറുകയായിരുന്നു. 2016-ൽ ബിജെപി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അഞ്ച് വർഷം സിനിമയിൽ നിന്ന് മാറി നിന്നു. 2021-ൽ കാവൽ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ തിരിച്ചെത്തി. 2022-ൽ രാജ്യസഭ കാലാവധി പൂർത്തിയായതോടെ വീണ്ടും സിനിമകളിൽ സജീവമായി. നല്ലൊരു ഗായകൻ കൂടിയായ സുരേഷ് ഗോപി നിങ്ങൾക്കുമാവാം കോടീശ്വരൻ എന്ന ചനൽ പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.
2021 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്‌ചവെ ച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് തൻ്റെ രാഷ്‌ട്രീയ പ്രവർത്തന മേഖലയായി സുരേഷ് ഗോപി തൃശൂരിനെ മാറ്റുകയായിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഉൾപ്പടെ സി പി എമ്മിനെ പ്രതിരോധത്തിലാക്കി പദയാത്ര നടത്തിയത് അദ്ദേഹത്തിന് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ സഹായിച്ച സംഭവമായിരുന്നു.
തൃശൂരിലൂടെ കേരളത്തിൽ ഒരു സീറ്റ് ഉറപ്പിക്കുകയെന്ന നരേന്ദ്ര മോദിയുടെ സ്വപ്‌നം കൂടിയാണ് സുരേഷ് ഗോപിയിലൂടെ പൂവണിഞ്ഞത്. പ്രചാരണവേളയിൽ മോദി
തൃശൂരിലെത്തിയത് നിരവധി തവണയാണ്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിൽ പങ്കെടുത്ത് ആദ്യഘട്ടത്തിൽ തന്നെ മോദി തൻ്റെ ഏറ്റവും അടുത്ത ആളാണ് സുരേഷ് ഗോപിയെന്ന സന്ദേശം നൽകിയിരുന്നു.
തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശ്ശൂരിലെ പോരാട്ടം ദേശീയ ശ്രദ്ധയി ലേക്ക് ഉയർന്നത് പ്രധാനമന്ത്രി മോദിയും, എൻഡിഎയും മണ്ഡലത്തിൽ ജയിച്ചു കയറാമെന്ന പ്രതീക്ഷയുമായി രംഗത്തിറങ്ങിയതോടെയായിരുന്നു. ഇതോടെ കേരളം മാത്രമല്ല രാജ്യം കൂടിയാണ് തൃശൂരിലെ മത്സരഫലത്തെ ഉറ്റുനോക്കിയത്.
തൃശൂർ പൂരം നടത്തിപ്പിലെ പൊലീസ് ഇടപെടലും, കരുവന്നൂർ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമുൾപ്പടെ ആവനാഴിയിലെ എല്ലാ അമ്പും പ്രയോഗിച്ചാണ് സുരേഷ് ഗോപി തെരെഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. മണ്ഡലത്തിലെ കൃസ്‌ത്യൻ ന്യൂനപക്ഷങ്ങ ളുടെ വോട്ടുറപ്പിക്കാനും സുരേഷ് ഗോപിക്ക് കഴിഞ്ഞുവെന്നാണ് വിലയിരുത്ത പ്പെടുന്നത്.
ഒടുവിൽ ചരിത്ര വിജയം നേടിയപ്പോഴും കേന്ദ്ര മന്ത്രി സഭയിലേക്ക് ഇല്ലന്നായിരുന്നു സുരേഷ് ഗോപി ആവർത്തിച്ചത്. എന്നാൽ പ്രധാനമന്ത്രി മോദിയുടെയും പാർട്ടി ദേശീയ നേതൃത്വത്തിൻ്റെയും താല്‍പര്യപ്രകാരമാണ് സുരേഷ് ഗോപിയെന്ന മികച്ച നടനായ രാഷ്‌ട്രീയക്കാരൻ കേന്ദ്ര മന്ത്രിസഭയിൽ അംഗമാകുന്നത്. തൻ്റെ നേട്ടം കേരളത്തിന് വേണ്ടി ഉപയോഗപ്പെടുത്തുമെന്ന അദ്ദേഹത്തിൻ്റെ പ്രഖ്യാപനം പ്രതീക്ഷ നൽകുന്നതാണ്.