
കുവൈറ്റ് സിറ്റി: രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കുവൈറ്റില്‍ കഴിയുന്ന പ്രവാസികള്‍ക്കായി കഴിഞ്ഞ മാര്‍ച്ച് 17ന് പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, 35,000 പേര്‍ ഈ ആനുകൂല്യത്തിന്‍റെ പ്രയോജനം നേടിയതായി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി താമസിക്കുന്നുണ്ടെന്ന് കരുതുന്ന 120,000 പേരില്‍ നിന്നാണ് ഇത്രയും പേര്‍ ആനുകൂല്യം ഉപയോഗപ്പെടുത്തിയത്.
മാര്‍ച്ചില്‍ പുറപ്പെടുവിച്ച പൊതുമാപ്പ് ജൂണ്‍ 17 ന് അവസാനിക്കും. ഇവരില്‍ പലരും പൊതുമാപ്പ് അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യം വിട്ടതായും മറ്റുള്ളവര്‍ തങ്ങളുടെ പദവി ക്രമീകരിക്കുകയോ അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയോ ചെയ്തതായും അധികൃതര്‍ അറിയിച്ചു. ഗ്രേസ് പിരീഡിന്‍റെ ആനുകൂല്യം ലഭിച്ചവരില്‍ ചിലര്‍ പിഴ അടക്കാതെ അതിര്‍ത്തി വഴി രാജ്യം വിടുകയാണുണ്ടായത്. ചിലര്‍ വിസ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് റസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്മെന്‍റിലേക്ക് അപേക്ഷിക്കുകയും പിഴ അടയ്ക്കുകയും ചെയ്ത് താമസം ക്രമവല്‍ക്കരിച്ചു.
യാത്രാ രേഖകളുടെ കാലാവധി അവസാനിച്ചതിനാലോ ഈ രേഖകള്‍ ഇല്ലാത്തതി നാലോ രാജ്യത്ത് കുടുങ്ങിയ ചിലര്‍ എംബസിയുമായി ബന്ധപ്പെട്ട് താല്‍ക്കാലിക രേഖകളുണ്ടാക്കിയാണ് പൊതുമാപ്പ് കാലത്ത് രാജ്യം വിട്ടത്. ഇവരില്‍ നിന്ന് രാജ്യത്ത് നിമയവിരുദ്ധമായി താമസിച്ച കാലയളവിലെ പിഴ ഈടാക്കാതെയാണ് രാജ്യം വിടാന്‍ അനുവദിച്ചതെന്നും അധികൃതര്‍ അറിയിച്ചു. ജൂണ്‍ 17 വരെ മാത്രമേ ഈ ആനുകൂല്യ ത്തിന് അവര്‍ അര്‍ഹരാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, വിസയുടെ കാലാവധി തീരുകയോ റസിഡന്‍സി കാലഹരണപ്പെടു കയോ അല്ലെങ്കില്‍ തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടുകയോ ചെയ്തതിന് അറസ്റ്റിലാ യവര്‍ തങ്ങളുടെ റസിഡന്‍സി സ്റ്റാറ്റസ് ഭേദഗതി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആവശ്യമായ വ്യവസ്ഥകള്‍ പാലിച്ച് ഏതെങ്കിലും ഗവര്‍ണറേറ്റിലെ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ രാവിലെ സന്ദര്‍ശിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അവിടെ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് രേഖകള്‍ ശരിയാക്കിയ ശേഷം അവര്‍ക്ക് രാജ്യത്ത് തുടരാം.