കുവൈത്തിലെ തീപിടുത്തത്തില്‍ രണ്ട് മലയാളികളടക്കം 35 പേര്‍ മരിച്ചു; അപകടം മലയാളികള്‍ താമസിച്ച ഫ്‌ളാറ്റില്‍


കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗെഫിലില്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം. ഏറ്റവും കുറഞ്ഞത് 35 പേരെങ്കിലും മരിച്ചിട്ടുണ്ട് എന്ന് രാജ്യത്തെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. ഒരു തമിഴ്‌നാട് സ്വദേശിയും മരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം എന്നാണ് വിവരം.

മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിലെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ വാണിജ്യ മേഖലയില്‍ നിന്നുള്ള 195 ഓളം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിരവധി മലയാളികളും താമസിക്കുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ 4.30ന് ലേബര്‍ ക്യാമ്പിലെ അടുക്കളയില്‍ നിന്നാണ് തീപിടിത്തമുണ്ടായത്.

വളരെ വേഗത്തില്‍ തന്നെ അപ്പാര്‍ട്ട്മെന്റിലെ എല്ലാ മുറികളിലേക്കും തീ പെട്ടെന്ന് പടരുകയായിരുന്നു. തീപിടിത്തം കണ്ട് അപ്പാര്‍ട്ട്മെന്റിന് പുറത്തേക്ക് ചാടിയവരാണ് മരിച്ചവരില്‍ ചിലര്‍. മറ്റ് ചിലര്‍ ഏതാനും പൊള്ളലേറ്റും പുക ശ്വസിച്ച് ശ്വാസംമുട്ടിയു മാണ് മരിച്ചത്. പരിക്കേറ്റവരെ അദാന്‍, ജാബര്‍, മുബാറക് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

ആറ് നില കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. അഗ്‌നിശമനസേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചിലരുടെ നില ഗുരുതരമാണ് എന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ മെഡിക്കല്‍ ടീമുകള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു


Read Previous

അന്ന് അമ്മക്ക് വേണ്ടി കരഞ്ഞു, ഇന്ന് അമ്മ ഉപേക്ഷിച്ചു; കുട്ടിക്കുറുമ്പൻ ഇനി തെപ്പക്കാടിന് സ്വന്തം

Read Next

പഞ്ചദിന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ചാക്കോച്ചൻ ലൗവേർസ് & ഫ്രണ്ട്സ് അസോസിയേഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »