
ഇന്ത്യാസഖ്യം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടത് പാർലമെൻ്റിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ ശക്തി കുറയ്ക്കാൻ വേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി
റായ്ബറേലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിച്ചിരുന്നുവെങ്കില്‍ നരേന്ദ്ര മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടുകള്‍ക്ക് തോല്‍ക്കുമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റായ്ബറേലിയിലാണ് രാഹുലിന്‍റെ പ്രതികരണം.
റായ്ബറേലിയിലും അമേഠിയിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ഇന്ത്യാസഖ്യം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടത് പാർലമെൻ്റിൽ ബിജെപിയുടെ നേതൃത്വ ത്തിലുള്ള എൻഡിഎയുടെ ശക്തി കുറയ്ക്കാൻ വേണ്ടിയാണ്. തെരഞ്ഞെടുപ്പ് ഫലത്തില്‍ താനോ പാര്‍ട്ടിയുടെ മറ്റ് പാര്‍ലമെന്‍റ് അംഗങ്ങളോ അഹങ്കരിക്കില്ല. ജനങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി പ്രവർത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിൽ മോദി സാധാരണക്കാരെ അവഗണിക്കുകയും പ്രമുഖ വ്യവസായികൾക്കും മറ്റ് വ്യക്തികൾക്കും പ്രാധാന്യം നൽകുകയും ചെയ്തു. ജനങ്ങള്‍ അയോധ്യയില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കി അവരെ പാഠം പഠിപ്പിച്ചുവെന്നും രാഹുല്‍ പറഞ്ഞു. പ്രിയങ്കയുടെ സാന്നിധ്യത്തിലായിരുന്നു രാഹുലിന്‍റെ വാക്കുകള്‍. അമേഠിയിലെയും റായ്ബറേലിയിലെയും പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കിയതിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.
വാരണാസിയില്‍ മൂന്നാം തവണയും വിജയിക്കാന്‍ കഴിഞ്ഞുവെങ്കിലും മോദിയുടെ ഭൂരിപക്ഷത്തില്‍ വമ്പന്‍ കുറവ് വന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ പ്രതികരണം.