വീറോടെ പൊരുതി ഹംഗറി, രണ്ടടിച്ച് തുരത്തി വിജയക്കുതിപ്പ് തുടര്‍ന്ന് ജര്‍മനി ; തകര്‍പ്പന്‍ ജയം


മ്യൂണിക്ക്: യൂറോ കപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ആതിഥേയരായ ജര്‍മനി. വാശിയേ റിയ പോരാട്ടത്തില്‍ ഹംഗറിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി വീഴ്ത്തിയത്. ശക്തമായ പോരാട്ടം ഹംഗറി കാഴ്ചവെച്ചെങ്കിലും തട്ടകത്തിന്റെ ആധിപത്യത്തോടെ കളിച്ച ജര്‍മനി ജയം നേടിയെടുക്കുകയായിരുന്നു. ഗ്രൂപ്പ് എയില്‍ രണ്ടാം ജയം നേടിയ ജര്‍മനി തലപ്പത്ത് തുടരുകയാണ്.

4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ജര്‍മനിയെ 3-4-2-1 ഫോര്‍മേഷനിലാണ് ഹംഗറി നേരിട്ടത്. മിന്നല്‍ പാസുകൊണ്ടും വേഗത്തിലുള്ള മുന്നേറ്റങ്ങള്‍ക്കൊണ്ടും ജര്‍മനി തുടക്കം മുതല്‍ കരുത്തുകാട്ടി. 22ാം മിനുട്ടില്‍ ജര്‍മനി അക്കൗണ്ട് തുറന്നു. മികച്ച മുന്നേറ്റത്തിനൊടുവില്‍ ഗുണ്ടോകന്‍ ബോക്‌സിനുള്ളില്‍ നിന്ന് നല്‍കിയ പാസിനെ ജമാല്‍ മുസൈലയാണ് വലയിലെത്തിച്ചത്. ഗോള്‍ വഴങ്ങിയ ശേഷം ഹംഗറി പ്രത്യാക്രമണം കടുപ്പിച്ചു.

ജര്‍മന്‍ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ച ഹംഗറിക്ക് പക്ഷെ പ്രതിരോധ കോട്ട തകര്‍ക്കാനായില്ല. ഹംഗറിയുടെ പല മികച്ച മുന്നേറ്റങ്ങളും ജര്‍മന്‍ പ്രതിരോധം തകര്‍ത്തു. ശക്തമായി പോരടിച്ച് ഹംഗറിക്കായി റോളണ്ട് സല്ലായി 45ാം മിനുട്ടില്‍ വലകുലുക്കി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇത് ഓഫ് സൈഡ് വിളിച്ചതോടെ ആദ്യ പകുതിയില്‍ 1-0ന്റെ ലീഡ് നിലനിര്‍ത്താന്‍ ജര്‍മനിക്കായി.

രണ്ടാം പകുതിയിലും ഹംഗറി ജര്‍മനിക്ക് വലിയ ഭീഷണി ഉയര്‍ത്തി. ഹംഗറിയുടെ പല മുന്നേറ്റങ്ങളും ദൗര്‍ഭാഗ്യവശാലാണ് ഗോളാകാതെ പോയത്. ജര്‍മനിയുടെ പ്രതിരോധ നിരയും മികച്ചുനിന്നു. എന്നാല്‍ 67ാം മിനുട്ടില്‍ ഹംഗറിയുടെ പ്രതീക്ഷ തകര്‍ത്ത് ജര്‍മനി രണ്ടാം ഗോള്‍ നേടി. പോസ്റ്റിന് മുന്നില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഇല്‍ക്കെ ഗുണ്ടോകനാണ് ജര്‍മനിക്കായി വലകുലുക്കിയത്.

പിന്നീടങ്ങോട്ട് ഹംഗറി പരുക്കല്‍ കളി പുറത്തെടുത്തെങ്കിലും ജര്‍മനിയുടെ പ്രതിരോധ കോട്ട പൊളിക്കാനായില്ല. ഇതോടെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ തകര്‍പ്പന്‍ ജയം ജര്‍മനിക്ക് സ്വന്തം. മറ്റൊരു മത്സരത്തില്‍ ക്രൊയേ ഷ്യയെ അല്‍ബേനിയ സമനിലയില്‍ പൂട്ടി. 2-2 സമനിലയിലാണ് ക്രൊയേഷ്യയെ തളച്ചത്. ഗ്രൂപ്പ് ബിയില്‍ ഇറങ്ങിയ ക്രൊയേഷ്യ 4-3-3 ഫോര്‍മേഷനിലാണ് അല്‍ബേനിയക്കെതിരേ ഇറങ്ങിയത്. ക്രൊയേഷ്യയെ വിറപ്പിച്ച ശേഷമാണ് അല്‍ബേനിയ സമനിലയില്‍ കുടുങ്ങിയത്.

മത്സരത്തിലുടെനീളം അല്‍ബേനിയ ആധിപത്യം നേടിയെന്നതാണ് എടുത്തു പറയേണ്ടത്. 11ാം മിനുട്ടില്‍ത്തന്നെ അല്‍ബേനിയ ലീഡ് നേടി. വലത് വശത്ത് നിന്ന് അസനി ബോക്‌സിലേക്ക് നല്‍കിയ ക്രോസിനെ ഓടിയെടുത്ത് ഹെഡ്ഡറിലൂടെ ലാസി ലക്ഷ്യം കാണുകയായിരുന്നു. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താന്‍ അല്‍ബേനിയ്ക്ക് സാധിച്ചു. രണ്ടാം പകുതിയില്‍ സമനിലക്കായി പൊരുതിയ ക്രൊയേഷ്യ 74ാം മിനുട്ടില്‍ സമനില പിടിച്ചു. ആന്ദ്ര ക്രൊമറിച്ച് ക്രൊയേഷ്യക്കായി വലകുലുക്കുകയായിരുന്നു. രണ്ട് മിനുട്ടിനുള്ളില്‍ ക്രൊയേഷ്യ ലീഡെടുത്തു.

ക്ലോസ് ജസുലയുടെ സെല്‍ഫ് ഗോളിലായിരുന്നു ക്രൊയേഷ്യ ലീഡെടുത്തത്. അതുവരെ ആധിപത്യം പുലര്‍ത്തിയ അല്‍ബേനിയ പെട്ടെന്ന് കളി കൈവിട്ടു. എന്നാല്‍ ആത്മവിശ്വാസം കൈവിടാതെ കളിച്ച അല്‍ബേനിയ 95ാം മിനുട്ടില്‍ സമനില പിടിച്ചു. തന്റെ സെല്‍ഫ് ഗോളിന് ജസുല തന്നെ ലക്ഷ്യം കണ്ട് പ്രായശ്ചിത്തം ചെയ്യുക യായിരുന്നു. അവസാന മിനുട്ടില്‍ മികച്ച പോരാട്ടം കണ്ടെങ്കിലും ആര്‍ക്കും ലീഡെടു ക്കാന്‍ സാധിക്കാതെ വന്നതോടെ 2-2 സമനിലയോടെ പിരിഞ്ഞു. ആദ്യ മത്സരത്തില്‍ സ്‌പെയിനോട് തോറ്റ ക്രൊയേഷ്യ ഇപ്പോള്‍ സമനിലയില്‍ കുടുങ്ങിയതോടെ 1 പോയിന്റുമായി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.


Read Previous

സ്മൃതി മന്ദാനയ്ക്ക് ഏഴാം ഏകദിന സെഞ്ച്വറി; മിതാലി രാജിൻ്റെ റെക്കോർഡിനൊപ്പമെത്തി നേട്ടം

Read Next

ഡൽഹിയിലെ ഉഷ്‌ണതരംഗം : 48 മണിക്കൂറിനിടെ 50 മരണമെന്ന് റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »