തോല്‍വിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായി; നവ കേരള സദസ്സിലെ ശകാരം തിരിച്ചടിയായെന്ന് തോമസ് ചാഴികാടന്‍


കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളും കാരണമായതായി മുന്‍ എംപി തോമസ് ചാഴികാടന്‍. കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു ചാഴികാടന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പിന് മുമ്പായി പാലായില്‍ നടന്ന നവ കേരള സദസ്സിലെ ശകാരം അടക്കം തിരിച്ചടിയായി എന്നും കോട്ടയത്തെ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ചാഴികാടന്‍ പറഞ്ഞു.

കോട്ടയം മണ്ഡലത്തില്‍ ഇടതു മുന്നണിക്ക് സ്ഥിരിമായി കിട്ടിയിരുന്ന വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. മുമ്പ് ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന വിഎന്‍ വാസവന് ലഭിച്ച വോട്ടുകള്‍ ചിലയിടങ്ങളില്‍ ഇത്തവണ ലഭിച്ചില്ല. സിപിഎം വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാതെ പോയതും അന്വേഷിക്കണമെന്നും തോമസ് ചാഴികാടന്‍ ആവശ്യപ്പെട്ടു.

തോല്‍വിയില്‍ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നായിരുന്നു പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പറഞ്ഞത്. എക്കാലവും ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചു നിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ നിന്നും അകന്നത് എല്‍ഡിഎഫ് ഗൗരവമായി കാണണമെന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗം വിലയിരുത്തി.

സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ആവശ്യങ്ങളായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാ കണമെന്ന് നേതൃയോഗം നിര്‍ദേശിച്ചു. ഭൂപരിഷ്‌കരണ കമ്മീഷന്‍ രൂപീകരണവും അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കായി എല്‍ഡിഎഫ് ഉപസമിതി രൂപീകരിക്കണമെന്ന് ഇടതു മുന്നണി യോഗത്തില്‍ ആവശ്യപ്പെടാനും കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.


Read Previous

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; നാളെ കെഎസ് യു വിദ്യാഭ്യാസ ബന്ദ്; സമരരംഗത്ത് എസ്എഫ്‌ഐയും, കുറെനാളായി സമരം ചെയ്യാതിരിക്കുന്നതല്ലേ, ഉഷാറായി വരട്ടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി

Read Next

നേര്യമംഗലത്ത് കാറിനും ബസിനും മുകളിലേക്ക് മരം കടപുഴകി വീണു; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »