ക്രിക്കറ്റില്‍ ‘നിര്‍ഭാഗ്യം’ എന്ന വാക്കിന്‍റെ പര്യായമാണ് ദക്ഷിണാഫ്രിക്ക; ആ ചീത്തപ്പേര് മാറ്റിയെടുത്തു, നിങ്ങള്‍ മടങ്ങേണ്ടത് തലയുയര്‍ത്തി തന്നെയാണ്; തോല്‍വിയിലും കയ്യടി അര്‍ഹിക്കുന്നു ദക്ഷിണാഫ്രിക്ക


ക്രിക്കറ്റില്‍ ‘നിര്‍ഭാഗ്യം’ എന്ന വാക്കിന്‍റെ പര്യായമാണ് ദക്ഷിണാഫ്രിക്ക. പലപ്പോഴും കിരീട സാധ്യത ഏറെ കല്‍പ്പിക്കപ്പെടാറുണ്ടെങ്കിലും പടിക്കല്‍ കലമുടയ്‌ക്കുന്നതാ യിരുന്നു അവരുടെ പതിവ്. കിരീടം മോഹിച്ച് ഓരോ ടൂര്‍ണമെന്‍റിനുമെത്തുന്ന പ്രോട്ടീസ് സെമിയില്‍ അടിതെറ്റി വീഴുന്ന കാഴ്‌ച പലപ്പോഴായി നാം കണ്ടതാണ്.

1992ന് ശേഷം ഏഴ് പ്രാവശ്യമാണ് ദക്ഷിണാഫ്രിക്ക സെമിയില്‍ തോറ്റ് പുറത്തായി ട്ടുള്ളത്. അതില്‍ നിന്നുള്ള ശാപമോക്ഷമായിരുന്നു ഈ ടി20 ലോകകപ്പ്. എന്നാല്‍, തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഫൈനലിലും അവരെ കാത്തിരുന്നതാകട്ടെ കണ്ണീര്‍ മടക്കവും.

ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവലില്‍ മഴവില്‍ അഴകുള്ള സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടാനിറങ്ങിയത്. ഡി കോക്കും ക്ലാസനും മില്ലറും സ്റ്റബ്‌സും ചേര്‍ന്ന് മത്സരത്തിന്‍റെ ഒരുഘട്ടം വരെ അവരുടെ ആ സ്വപ്‌നങ്ങള്‍ക്ക് വര്‍ണം പകരുകയും ചെയ്‌തിരുന്നു. പക്ഷെ ക്ലൈമാക്‌സില്‍ ഇന്ത്യൻ ടീമിന്‍റെ മാലാഖയായി സൂര്യകുമാര്‍ യാദവ് അവതരിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന കളിയും അവര്‍ക്ക് കൈവിടേണ്ടി വന്നു. അനായാസം ജയിക്കാനാകുമെന്ന് തോന്നിപ്പിച്ച മത്സരം അവിടെ വച്ചായിരുന്നു അവര്‍ക്ക് നഷ്‌ടമായത്.

ഫൈനലില്‍ ഇന്ത്യയ്‌ക്ക് മുന്നില്‍ വീണങ്കിലും തലയുയര്‍ത്തി തന്നെയാകും പ്രോട്ടീസ് നാട്ടിലേക്ക് മടങ്ങുക. സെമി കടക്കാനാകാത്തവര്‍ എന്ന ചീത്തപ്പേര് മാറ്റിയാണ് ഇത്തവണ അവര്‍ നാട്ടിലേക്ക് വണ്ടികയറുന്നത്. അലൻ ഡൊണാള്‍ഡ്, ഷോണ്‍ പൊള്ളോക്ക്, ജാക്ക് കാല്ലിസ്, എബി ഡിവില്ലിയേഴ്‌സ് ഉള്‍പ്പടെയുള്ള ഇതിഹാസങ്ങള്‍ക്ക് സാധിക്കാത്ത നേട്ടം എയ്‌ഡൻ മാര്‍ക്രവും കൂട്ടരും സ്വന്തമാക്കി. അതുകൊണ്ട് തന്നെ സെമി കടക്കാത്തവര്‍ എന്ന അവരുടെ ചീത്തപ്പേര് ഇവിടെ അഴിഞ്ഞ് വീഴുകയാണ്.

ടി20 ലോകകപ്പ് ഫൈനലില്‍ ഉള്‍പ്പടെ മികച്ച പ്രകടനം തന്നെയാണ് ദക്ഷിണാഫ്രിക്ക കാഴ്‌ചവച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും കളിച്ച എല്ലാ മത്സരങ്ങളിലും അവര്‍ക്ക് ജയം പിടിക്കാൻ സാധിച്ചിരുന്നു. സെമി ഫൈനലില്‍ അഫ്‌ഗാനിസ്ഥാന് മേല്‍ പൂര്‍ണ ആധിപത്യം നേടിക്കൊണ്ടും അവര്‍ വിജയമധുരം രുചിച്ചിരുന്നു.

ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെയും തങ്ങളുടെ പോരാട്ടവീര്യം കാട്ടാൻ അവര്‍ക്കായി. ഫോമിലുള്ള രോഹിത് ശര്‍മ്മയേയും സൂര്യകുമാര്‍ യാദവിനെയും റിഷഭ് പന്തിനെയും കലാശപ്പോരില്‍ പ്രോട്ടീസ് അതിവേഗം മടക്കി. മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടെങ്കിലും തകര്‍പ്പൻ ബാറ്റിങ്ങുകൊണ്ട് ഇന്ത്യയ്‌ക്ക് മേല്‍ വെല്ലുവിളി ഉയര്‍ത്താനും പ്രോട്ടീസിന് സാധിച്ചു. എന്നാല്‍, നിര്‍ഭാഗ്യം കാരണം ജയത്തിലേക്ക് അനായാസം നീങ്ങാമായിരുന്ന മത്സരത്തില്‍ അവര്‍ അടിയറവ് പറയുകയാണുണ്ടായത്.


Read Previous

കോഴിക്കൂട്ടിൽ നിന്ന് വിഷ ജീവിയുടെ കടിയേറ്റു; ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു

Read Next

എന്‍റെ ഹൃദയമിടിപ്പ് ഉയര്‍ന്നു…’; കാത്തിരുന്ന പ്രതികരണം, ഇന്ത്യൻ ടീമിനെ പ്രശംസിച്ച് എംഎസ് ധോണി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »