ഗാസ: ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഗാസയില്‍ ഇരച്ചുകയറി ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 250 ലധികം പേര്‍ക്ക് പരിക്കേറ്റു. ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഏതാനും ഇസ്രയേല്‍ സൈനികര്‍ക്കും പരിക്കേറ്റു.

ഹമാസിനെ പൂര്‍ണമായി ഉന്‍മൂലനം ചെയ്യുന്നതു വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് വ്യക്ത മാക്കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിലെ ജലവിതരണ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം.
ഇന്നും ഗസയിലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പിനു നേരെ വ്യോമാക്രമണമുണ്ടായി. ഇവിടെ നാലുപേര്‍ കൊല്ലപ്പെട്ടു. റഫയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്നു പേരും കൊല്ലപ്പെട്ടു.
ഒരേസമയം കര മാര്‍ഗവും വ്യോമ മാര്‍ഗവും ആക്രമണം നടത്തുന്നതായി ഇസ്രായേല്‍ സൈനിക വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച്ച ശുജാഇയയില്‍ നിന്നു മാത്രം മുക്കാല്‍ ലക്ഷം പേര്‍ കുടിയൊഴിയാന്‍ നിര്‍ബന്ധിതരായെന്ന് യു.എന്‍ വ്യക്തമാക്കി.