കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ മംഗഫിൽ കഴിഞ്ഞ മാസമുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് അടിയന്തര സാമ്പത്തിക സഹായമായി എൻബിടിസി കമ്പനി മാനേജ്മെന്റ് 1000 കുവൈറ്റ് ദിനാർ (ഏകദേശം 2.7 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) വിതരണം ചെയ്തു. ജൂൺ 12ന് മംഗഫിലെ മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ മലയാളികൾ ഉൾപ്പെടെ 49 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ഈജിപ്ത്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള 61 ജീവനക്കാർക്കാണ് അടിയന്തര സാമ്പത്തിക സഹായം വിതരണം ചെയ്തതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇവരിൽ 54 ജീവനക്കാർ ഇന്ത്യക്കാ രാണ്. കൂടാതെ, പരിക്കേറ്റ ജീവനക്കാരുടെ മക്കൾക്കായി എൻബിടിസി പ്രത്യേക പഠന സ്കോളർഷിപ്പ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ ജീവനക്കാരുടെ 10 കുടുംബാം ഗങ്ങളെ എൻബിടിസി അധികൃതർ നേരത്തെ കുവൈറ്റിലേക്ക് കൊണ്ടുവന്നിരുന്നു. അവർ ഇപ്പോൾ പരിക്കേറ്റ ജീവനക്കാർക്കൊപ്പമാണ് താമസം.
നിലവിൽ രണ്ട് ജീവനക്കാർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മറ്റെല്ലാവ രെയും ആശുപത്രിയിൽനിന്ന് നേരത്തേ ഡിസ്ചാർജ് ചെയ്തിരുന്നു. പ്രത്യേകമായി ഏർപ്പെടുത്തിയ ഫ്ലാറ്റുകളിലാണ് തുടർ ചികിത്സയുടെ ഭാഗമായി ഇവർ കഴിയുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് ജീവനക്കാരെ ഉടൻ ഡിസ്ചാർജ് ചെയ്യു മെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. പലരും തീപിടിത്തത്തിൽ പൊള്ളലേറ്റും പുക ശ്വസിച്ചും രക്ഷപ്പെടാനായി കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയതിനെ തുടർന്ന് കൈകാലുകളുടെ എല്ലുകൾ പൊട്ടിയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. എല്ലാവരും സുഖം പ്രാപിച്ചുവരുന്നതായും അധികൃതർ അറിയിച്ചു.