ജമ്മു കശ്മീരിലെ കുല്‍ഗാമിലെ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം രണ്ടായി. നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. മോഡര്‍ഗാമില്‍ ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് കരസേനയും സി.ആര്‍.പി.എഫും പോലീസും ചേര്‍ന്ന് പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ സൈനികന്‍ ചികിത്സയിലിരിക്കെ മരിച്ചു.

കുല്‍ഗാമിലെ തന്നെ ഫ്രിസാല്‍ മേഖലയില്‍ ഏറ്റുമുട്ടലിന് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ നാലു ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇവിടെയും ഒരു സൈനികന് ജീവന്‍ നഷ്ടമായി. മറ്റൊരു സൈനികന് പരിക്കേറ്റു. രണ്ട് ഭീകരര്‍ കൂടി ഇവിടെ ഒളിച്ചിരുക്കുന്നുണ്ടെന്നാണ് വിവരം.
ഭീകരരുടെ വെടിയേറ്റ ജവാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാ നായില്ല. രാവിലെ 11 മണിയോടെയാണ് കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുണ്ടല്‍ ഉണ്ടായത്. വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടെ ഭീകരര്‍ സൈനികരെ ലക്ഷ്യമിട്ട് വെടിയുതിര്‍ക്കുകയായിരുന്നു.
ശനിയാഴ്ച ജമ്മു കശ്മീരിലെ കത്വ, ഉധംപൂർ ജില്ലകളിൽ വാഹനാപകടങ്ങളിൽ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ രണ്ട് അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) സൈനികർ വീരമൃത്യു വരിച്ചതായി നേരത്തെ അധികൃതർ അറിയിച്ചിരുന്നു. കത്വ ജില്ലയിലെ രാജ്ബാഗിന് സമീപം വാഹനം റോഡിൽ നിന്ന് തെന്നി ഉജ് കനാലിലേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ, ഹിമാചൽ പ്രദേശ് സ്വദേശിയായ എഎസ്ഐ പർഷോതം സിംഗ് വീരമൃത്യു വരിക്കുകയും രണ്ട് സഹപ്രവർത്തകർ രക്ഷിക്കപ്പെടുകയും ചെയ്തു.