മണിപ്പൂരിലെ കലാപ ഭൂമിയില്‍ സ്‌നേഹത്തിന്റെ ‘കട തുറന്ന്’ വീണ്ടും രാഹുല്‍ ഗാന്ധി; അസമിലെ പ്രളയ ബാധിതരെയും കണ്ടു


ഇംഫാല്‍: മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളില്‍ വീണ്ടും സന്ദര്‍ശനം നടത്തി രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളിലൊന്നായ ജിരിബാമി ലാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആദ്യമെത്തിയത്.

ജിരിബാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച അദേഹം അഭയാര്‍ഥികളെ ആശ്വസിപ്പിച്ചു. മണിപ്പൂരില്‍ കലാപമുണ്ടായ ശേഷം ഇത് മൂന്നാം തവണയാണ് രാഹുല്‍ ഗാന്ധി സംസ്ഥാനം സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം മണിപ്പൂര്‍ ജനത ആഗ്രഹിച്ചിരുന്നെങ്കിലും അദേഹം തിരിഞ്ഞ് നോക്കിയിട്ടില്ല എന്നതും ശ്രദ്ധേയം.

അസമിലെ കാച്ചാര്‍, സില്‍ച്ചര്‍ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുല്‍ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. ചുരാചന്ദ്പൂര്‍, മൊയ്‌റാങ് എന്നിവിട ങ്ങളിലെ ക്യാമ്പുകളും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. വൈകുന്നേരം ആറിന് ഗവര്‍ണര്‍ അനസൂയ ഉയിക്കയെ കാണും. അതിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തും.

അതിനിടെ രാഹുലിന്റെ ട്രാജഡി ടൂറിസമാണിതെന്ന് ബിജെപി വിമര്‍ശിച്ചു. മണിപ്പൂരില്‍ കലാപത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത് കോണ്‍ഗ്രസ് ഭരണകാലത്താണെന്നും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു.

അതേസമയം അസമിലെത്തിയ രാഹുല്‍ ഗാന്ധി പ്രളയബാധിതരെയും കണ്ടു. അസമിലെ ഫുലേര്‍ട്ടലിലെ തലായി ഇന്‍ യൂത്ത് കെയര്‍ സെന്ററിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. താന്‍ അസം ജനതക്കൊപ്പം നില്‍ക്കുമെന്നും പാര്‍ലമെന്റില്‍ അവരുടെ പോരാളിയാകുമെന്നും അദേഹം പറഞ്ഞു.

വെള്ളപ്പൊക്കം രൂക്ഷമായ സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും എത്രയും വേഗത്തില്‍ കേന്ദ്രം ലഭ്യമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. 28 ജില്ലകളിലെ 3,446 വില്ലേജുകളിലായി 23 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു. 68,432.75 ഹെക്ടര്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.

പ്രളയം അസമിലെ 30 ജില്ലകളെ ബാധിച്ചിട്ടുണ്ട്. പ്രധാന നദികളെല്ലാം കര കവിഞ്ഞ തോടെ റോഡുകള്‍ തകരുകയും വന്‍ തോതില്‍ കൃഷി നാശമുണ്ടാവുകയും ചെയ്തു. നിവധി വീടുകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി. മഴക്കൊപ്പം ശക്തമായ കാറ്റും മണ്ണിടിച്ചിലും രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.


Read Previous

രാഹുലിന്റെ പ്രസംഗം ഹിന്ദു മതത്തിന് എതിരല്ല; അവഹേളിച്ച് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല’: സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി

Read Next

ആലപ്പുഴ സ്വദേശിനി ഓസ്‌ട്രേലിയയിൽ ഹൃദയാഘാതം മൂലം നിര്യാതയായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »