കേരളത്തില്‍ പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുന്നു: ഡെങ്കിപ്പനി മുതല്‍ കോളറ വരെ; ഒരു ദിവസം 13756 പനി കേസുകള്‍


തിരുവനന്തപുരം: കേരളത്തില്‍ പകര്‍ച്ചവ്യാധി കേസുകള്‍ വര്‍ധിക്കുന്നു. രോഗ വ്യാപനവും വളരെ കൂടുതലാണ്. 24 മണിക്കൂറിനിടെ 13756 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. അതേസമയം ഡെങ്കിപ്പനി വ്യാപിക്കുകയാണെന്നും ഒരാള്‍ മരിച്ചതായും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ചൊവ്വാഴ്ച മാത്രം 225 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

കേരളത്തിന്റെ കണക്കുകള്‍ പ്രകാരം 20 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേര്‍ എലിപ്പനി ബാധിച്ച് മരിച്ചിട്ടുമുണ്ട്. ഇന്നലെ മാത്രം 37 പേര്‍ക്കാണ് എച്ച്1 എന്‍1 കേസുകള്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകളില്‍ പറയുന്നു.

കോളറ കേസുകളും വര്‍ധിക്കുന്നു. രണ്ട് പേര്‍ക്ക് കൂടി സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലുള്ള രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തലസ്ഥാന നഗരിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. ഈ മാസം കേരളത്തില്‍ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ പത്ത് വയസുകാരന് കോളറ സ്ഥിരീകരിച്ചിരുന്നു.

സ്പെഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലിലെ അന്തേവാസിയാണ് ഈ കുട്ടി. ഇതേ ഹോസ്റ്റലിലെ അന്തേവാസിയായ അനു കഴിഞ്ഞ വെള്ളിയാഴ്ച്ച മരിച്ചിരുന്നു. അനുവിനും കോളറയുടെ ലക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആറ് മാസത്തിനിടെ മാത്രം ഒന്‍പത് പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്.

കൂടാതെ അമീബിക് മസ്തിഷ്‌ക ജ്വരം കോഴിക്കോടിന് പിന്നാലെ തൃശൂരിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് അപകടകരമായ മസ്തിഷ്‌ക ജ്വരമല്ലെന്നും വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. തൃശൂരില്‍ ആദ്യമായിട്ടാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നത്.

കുട്ടി എറണാകുളത്താണ് ചികിത്സയിലുള്ളത്. ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ വകുപ്പ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കടുത്ത ജാഗ്രതയിലാണ്. ആശുപത്രികള്‍ക്ക് അടക്കം നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആരോഗ്യ വകുപ്പ് ശക്തമായ പ്രതിരോധപ്രവര്‍ത്തനം നടത്തുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹര്യത്തിലാണ് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളത്തിന്റെ അടക്കം സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.


Read Previous

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു: മൂന്നാഴ്ചയ്ക്കുള്ളില്‍ നിലം പൊത്തിയത് 13 പാലങ്ങള്‍

Read Next

സൈബര്‍ തൊഴില്‍ തട്ടിപ്പ്: കംബോഡിയയില്‍ നിരവധി ഇന്ത്യാക്കാര്‍ ദുരിതത്തില്‍; തട്ടിപ്പിന് നേതൃത്വം നല്‍കുന്നവരില്‍ മലയാളികളും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »