കോപ്പ അമേരിക്ക: ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലില്‍


ന്യൂയോര്‍ക്ക്: കരുത്തരായ ഉറുഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കൊളംബിയ കോപ്പ അമേരിക്ക ഫുട്ബോള്‍ പോരാട്ടത്തിന്റെ ഫൈനലില്‍ കടന്നു. കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരും ലോക ജേതാക്കളുമായ അര്‍ജന്റീനയാണ് കൊളംബിയയുടെ എതിരാളികള്‍. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊളംബിയ കോപ്പയുടെ ഫൈനല്‍ കാണുന്നത്.

കളിയുടെ 39-ാം മിനിറ്റില്‍ ജെഫേഴ്സന്‍ ലെര്‍മയാണ് കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്. ആദ്യ പകുതി തീരുമ്പോള്‍ കൊളംബിയ പത്ത് പേരായി ചുരുങ്ങിയിരുന്നു. രണ്ടാം പകുതിയില്‍ പത്ത് പേരായിട്ടും കൊളംബിയന്‍ പ്രതിരോധം തകര്‍ക്കാന്‍ ഉറുഗ്വെയ്ക്ക് സാധിച്ചില്ല. പന്തടക്കത്തിലും പാസിങിലും ഉറുഗ്വെ ആധിപത്യം പുലര്‍ത്തിയെങ്കിലും ആക്രമണത്തില്‍ ഇരു പക്ഷവും ഒപ്പത്തിനൊപ്പം നിന്നു. പത്ത് പേരായിട്ടും ആക്രമണം സംഘടിപ്പിക്കുന്നതില്‍ കൊളംബിയന്‍ മുന്നേറ്റം പിന്നാക്കം പോയില്ല.

കോപ്പയില്‍ മിന്നും ഫോമില്‍ കളിക്കുന്ന ക്യാപ്റ്റന്‍ ജെയിംസ് റോഡ്രിഗസാണ് കൊളംബിയയുടെ വിജയ ഗോളിന് വഴിയൊരുക്കിയത്. 39-ാം മിനിറ്റില്‍ നായകന്റെ അസിസ്റ്റില്‍ നിന്നാണ് ലാര്‍മ വല ചലിപ്പിച്ചത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലാണ് പ്രതിരോധ താരം ഡാനിയല്‍ മുനോസ് രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പ് കാര്‍ഡ് കണ്ടും പുറത്തായത്. ഇതോടെയാണ് കൊളംബിയ പത്ത് പേരായി കളിച്ചത്. പക്ഷേ അവര്‍ വിജയം കൈവിട്ടില്ല.

കൊളംബിയ ഇത് മൂന്നാം തവണയാണ് ഫൈനലിലെത്തുന്നത്. 1975 ലാണ് ആദ്യമായി അവര്‍ കോപ്പയുടെ ഫൈനല്‍ കണ്ടത്. എന്നാല്‍ അന്ന് പെറുവിന് മുന്നില്‍ കിരീടം അടിയറ വച്ചു. 2001 ല്‍ സ്വന്തം നാട്ടില്‍ അരങ്ങേറിയ പോരിലാണ് അവരുടെ കന്നി കിരീട നേട്ടം. ഫൈനലില്‍ മെക്സിക്കോയെയാണ് വീഴ്ത്തിയത്.


Read Previous

നഴ്‌സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ്

Read Next

ഞങ്ങൾ തിരിച്ചു വരും, പൂർണ വിശ്വാസമുണ്ടെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും; മടക്ക യാത്ര ജൂലൈ അവസാനത്തോടെയെന്ന് നാസ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »