വീട്ടുമുറ്റത്തെ ‘അത്ഭുതം’; കിണറ്റിൽ വെള്ളം പൊടുന്നനെ നിറഞ്ഞുകവിഞ്ഞു; പത്തുമിനിറ്റിനുള്ളിൽ ജലനിരപ്പ് താഴ്ന്നു


ആലപ്പുഴ: ചേർത്തല പാണാവള്ളി പഞ്ചായത്തിൽ ഒരു വീട്ടുമുറ്റത്തെ കിണറ്റിൽ വെള്ളം പൊടുന്നനെ നിറഞ്ഞുകവിഞ്ഞു. മഴയോ മറ്റു പ്രത്യക്ഷകാരണങ്ങളോ ഇല്ലാതെയാണ് ജലനിരപ്പ് ആകെയുള്ള 11 റിങ്ങുകളും കവിഞ്ഞ് പുറത്തേക്കൊഴുകിയത്. വീട്ടുകാരും നാട്ടുകാരും ഓടിവന്നു നോക്കിനിൽക്കുമ്പോൾത്തന്നെ കവിഞ്ഞുപൊങ്ങിയ വെള്ളം തിരികെ കിണറ്റിലേക്കിരുന്നു. അപൂർവ കാഴ്ച പത്തുമിനിറ്റിനുള്ളിൽ കഴിയുകയും ചെയ്തു. സംഭവമറിഞ്ഞ് ആദ്യം ഓടിയെത്തിയവർ മൊബൈലിൽ വീഡിയോ എടുത്തു. പിന്നാലെയെത്തിയവർക്ക് കിണറ്റിലെ വെള്ളം താഴുന്നതാണ് കാണാൻ കഴിഞ്ഞത്.

പാണാവള്ളി പഞ്ചായത്ത് പതിമൂന്നാം വാർഡ് കിഴക്കേ മണിയമ്പള്ളി രതീഷിന്റെ വീട്ടിലാണ് ഈ പ്രതിഭാസം ഉണ്ടായത്. നാലു റിങ്ങുകളിൽമാത്രം ഉണ്ടായിരുന്ന വെള്ളം പെട്ടെന്ന് 11 റിങ്ങുകളും കവിഞ്ഞ് പുറത്തേക്കൊഴുകുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30-ഓടെയാണ് കിണർ കവിയാൻതുടങ്ങിയതെന്നു വീട്ടുകാർ പറഞ്ഞു. വീട്ടിൽ ടി.വി. കണ്ടുകൊണ്ടിരുന്ന രതീഷ്, കിണർ കവിയുന്നെന്ന് ആരോ പറഞ്ഞതുകേട്ട് പുറത്തേക്കു വന്നപ്പോഴാണ് ഈ കാഴ്ച കണ്ടത്.

പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ, വാർഡംഗം ബേബി ചാക്കോ തുടങ്ങിയവർ സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു. മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെ വിവരമറിയിക്കും. കിണറ്റിൽ വെള്ളം നിറഞ്ഞുകവിയാൻ പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായില്ലെന്നു വീട്ടുകാർ പറഞ്ഞു. ഈ സമയത്ത് മഴയും ഇല്ലായിരുന്നു. ജപ്പാൻ കുടിവെള്ളമാണ് വീട്ടുപയോഗത്തിനെടുക്കുന്നത്. അതിന്റെ പൈപ്പ്‌ മാറിയാണ് സ്ഥിതിചെയ്യുന്നത്.


Read Previous

ഭക്ഷണവും ഡ്രസ്സും വാങ്ങി കൊടുത്ത് ശരീരമെല്ലാം കഴുകി വൃത്തിയാക്കി, ഹോട്ടല്‍ റൂമില്‍ താമസിപ്പിച്ചിരിക്കുക യാണ് സജിയെ; ഒടുവില്‍ റിയാദ് ഹെല്‍പ്‌ ഡെസ്‌ക് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ കണ്ടെത്തി.

Read Next

കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനമില്ലെങ്കില്‍ ട്രിപ്പ് റദ്ദാക്കും; കെ.എസ്.ആര്‍.ടി.സി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »