ന്യൂഡല്‍ഹി : ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മുഖ്യ എതിരാളി ഖാലിദ സിയയുടെ മകന്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്. ഐയുടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം. സിയയുടെ മകന്‍ താരിഖ് റഹ്മാനും പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗവും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്.

ഇതിന് പിന്നാലെ രാജ്യത്ത് സംഘര്‍ഷമുണ്ടായെന്നാണ് ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം അറിയിക്കുന്നത്. ബംഗ്ലാദേശ് കലാപത്തിന് ഊര്‍ജം പകരുന്ന രീതിയില്‍ എക്‌സില്‍ നിരവധി സന്ദേശങ്ങള്‍ വന്നുവെന്നും ഹസീന സര്‍ക്കാറിനെതിരെ വ്യാപകമായ പ്രചാരണമുണ്ടായെന്നും പറയുന്നുണ്ട്. പാകിസ്താനി ഹാന്‍ഡിലുകളില്‍ നിന്നും ഇത്തരത്തില്‍ സന്ദേശങ്ങള്‍ വന്നിരുന്നുവെന്നും ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം ആരോപിക്കുന്നു.
ശൈഖ് ഹസീനയെ മാറ്റി പാകിസ്താനോടും ചൈനയോടും സൗഹൃദമുള്ള ഭരണം ബംഗ്ലാദേശില്‍ സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതിനായി ഐ.എസ്. ഐയോട് ചേര്‍ന്ന് നില്‍ക്കുന്ന ഇസ്!*!ലാമി ഛാത്ര ഷിബിര്‍ പോലുള്ള സംഘടനകളെ പാകിസ്താന്‍ ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. മാസങ്ങളുടെ ഗൂഢാലോചനകള്‍ക്ക് ഒടുവിലാണ് ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം പാകിസ്താന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും ബംഗ്ലാദേശ് ഇന്റലിജെന്‍സ് ഏജന്‍സി പറയുന്നു.
വിദ്യാര്‍ഥി പ്രക്ഷോഭത്തെതുടര്‍ന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ വര്‍ഷങ്ങളായി തടങ്കലില്‍ കഴിയുന്ന അവരുടെ മുഖ്യ എതിരാളി ഖാലിദ സിയയെ മോചിപ്പിക്കാന്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ഉത്തരവിട്ടിരുന്നു. മുന്‍ പ്രധാനമന്ത്രിയും രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയയെ നിരവധി കേസുകളില്‍ പ്രതി ചേര്‍ത്താണ് ശൈഖ് ഹസീന ഭരണകൂടം വീട്ടുതടങ്കലിലാക്കിയത്. വിദ്യാര്‍ഥി സമരത്തിനിടെ അറസ്റ്റിലായ മുഴുവന്‍ പേരെയും മോചിപ്പിക്കാനും തീരുമാനിച്ചതായും പ്രസിഡന്റിന്റെ വാര്‍ത്താവിഭാഗം പ്രസ്താവനയില്‍ അറിയിച്ചു. 2018 ലാണ് അഴിമതിക്കേസില്‍ 17 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. 78 കാരിയായ ഖാലിദ സിയ, ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.