
ചെന്നൈ; ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ രാത്രി ഏഴു മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ന് ഉച്ചയ്ക് രണ്ടരയോടെ ഐ.എൻ.എസ് അഡയാറിൽ സുപ്രധാന യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടൻതന്നെ ചെന്നൈയിലെ രാജീവ്‌ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക അറിയിപ്പ്.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചെന്നൈയിലെത്തിയ സാഹചര്യത്തിൽ സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു രാകേഷ് പാൽ. ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ഹൃദയാഘാതം സംഭവിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
1989 ജനുവരിയിലാണ് ഉത്തർപ്രദേശ് സ്വദേശിയായ രാകേഷ് പാൽ കോസ്റ്റ് ഗാർഡിൽ ചേർന്നത്. 2023 ജൂലായിൽ അദ്ദേഹം തീരസംരക്ഷണ സേനയുടെ മേധാവിയായി ചുമതലയേറ്റു. 34 വർഷത്തെ സേവനത്തിനിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ വിവിധ പദവികൾ അലങ്കരിച്ചു. സമുദ്രമാർഗം കടത്താൻ ശ്രമിച്ച, കോടികൾ വിലമതിക്കുന്ന മയക്കുമരുന്നും സ്വർണവും പിടികൂടിയത് ഉൾപ്പെടെ നിരവധി സുപ്രധാന ദൗത്യങ്ങൾ രാകേഷ് പാലിന് കീഴിൽകോസ്റ്റ് ഗാർഡ് നടത്തിയിട്ടുണ്ട്.
തത്രക്ഷക് മെഡൽ,പ്രസിഡന്റിന്റെ തത്രക്ഷക് മെഡൽ,അതിവിശിഷ്ട സേവാ മെഡൽ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ ദീപ പാൽ. മക്കൾ സ്നേഹൽ,തരുഷി. മൃതദേഹം നിയമപരമായ നടപടികൾക്ക് ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോകു മെന്ന് കോസ്റ്റ്‌ഗാർഡ് വൃത്തങ്ങൾ അറിയിച്ചു.