ബംഗ്ലാദേശ് പ്രക്ഷോഭം: ‘സംസ്ഥാന തലത്തില്‍ പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരും’: മുഹമ്മദ് യൂനുസ്


ബംഗ്ലാദേശില്‍ സംസ്ഥാന തലത്തില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരു മെന്ന് ഇടക്കാല ഗവൺമെൻ്റ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്. ലോകനേതാക്കളെ ധാക്കയിലേക്ക് ക്ഷണിച്ച അദ്ദേഹം രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും ആവശ്യപ്പെട്ടു. ഗ്ലോബൽ സൗത്ത് സമ്മിറ്റിൻ്റെ തേർഡ് വോയ്‌സിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് യൂനുസ്.

ഓഗസ്റ്റ് 5ന് ബംഗ്ലാദേശ് രണ്ടാം വിപ്ലവത്തിന് സാക്ഷ്യം വഹിച്ചതായും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ജനകീയ പ്രക്ഷോഭം ആളിക്കത്തിയത്. രാജ്യത്ത് ബഹുസ്വരമായ ജനാധിപത്യം ഉറപ്പാക്കുന്നതിനായി നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് നടത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് സംവിധാനം, നിയമ നിർമ്മാണം, പ്രാദേശിക ഭരണകൂടം, മാധ്യമങ്ങൾ, സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം എന്നിവയിൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ ലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും യുവാക്കളാണ്. സമൂഹത്തിലെ ഏറ്റവും ശക്തമായ വിഭാഗമാണ് അവര്‍. വളരെ വ്യത്യസ്‌തമായ ഈ വിഭാഗത്തിന് ഒരു പുതിയ ലോകം തന്നെ സൃഷ്‌ടിക്കാനാകു മെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇന്നത്തെ യുവതലമുറ മികച്ച കഴിവുള്ളവരാണ്. സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ളവരാണ്. അസാധ്യമായ കാര്യങ്ങളെല്ലാം സാധ്യമാക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നും മുഹമ്മദ് യൂനുസ് കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശ് ഇടക്കാല ഗവൺമെൻ്റ് മുഖ്യ ഉപദേഷ്‌ടാവ് എന്ന നിലയില്‍ ആദ്യമായാണ് മുഹമ്മദ് യൂനുസ്‌ ബഹുമുഖ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. അടുത്തിടെയാണ് പ്രധാനമന്ത്രിയായിരുന്ന ഷെയ്‌ഖ് ഹസീനയുടെ നയങ്ങള്‍ക്കെതിരെ ബംഗ്ലാദേശില്‍ പ്രക്ഷോഭം ആളിക്കത്തിയത്.

വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമായതോടെ ഓഗസ്റ്റ് 5ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷെയ്‌ഖ് ഹസീന രാജ്യം വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് യൂനുസിനെ ഇടക്കാല ഉപദേഷ്‌ടാവായി നിയമിച്ചത്.


Read Previous

പൂർണ ചന്ദ്രൻ ഭൂമിയ്‌ക്ക് തൊട്ടരികെ; ലോകം കാത്തിരുന്ന ആകാശ വിസ്‌മയം ഇന്ന്, അറിയാം സൂപ്പർ മൂണിനെക്കുറിച്ച്

Read Next

ജമ്മു കശ്‌മീരിൽ കോൺഗ്രസ് നേതൃനിരയില്‍ അഴിച്ചുപണി: താരിഖ് ഹമീദ് കാര പുതിയ പിസിസി പ്രസിഡന്‍റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »